Asianet News MalayalamAsianet News Malayalam

ആദിവാസി ഭൂ സമരം ; പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപണം

  • സമരം ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും സമരരംഗത്ത് സജീവമായി 200-ളം കുടിലുകള്‍
The allegation that the Left government does not intervene to solve the problem
Author
First Published Jul 7, 2018, 5:38 PM IST

വയനാട് ;  സ്വന്തമായി ഒരു തുണ്ട് ഭൂമിക്ക് വേണ്ടി സുല്‍ത്താന്‍ ബത്തേരി - പുല്‍പ്പള്ളി റൂട്ടിലെ ഇരുളത്ത്, ആദിവാസികള്‍ ആരംഭിച്ച കുടിക്കെട്ടി സമരം ഏഴാം വര്‍ഷത്തിലേക്ക്. സി പി എം പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ 2012 -ലാണ് ഇരുളം തേക്ക് പ്ലാന്‍റെഷനില്‍ ആദിവാസികള്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചത്. ആദിവാസികള്‍ക്ക് മാത്രമായി ഭൂമി പതിച്ച് നല്‍കണമെന്നും വനാവകാശ നിയമം മാറ്റങ്ങളോടെ നടപ്പാക്കണമെന്നുമാണ് സമരത്തിലെ പ്രധാന ആവശ്യം. സമരം ആരംഭിച്ചപ്പോള്‍ 1300 ഓളം കുടിലുകളാണ് റോഡിന് ഇരുവശവും സമരസമിതി ഉയര്‍ത്തിയിരുന്നത്. 

സി പി എമ്മിന്‍റെ പേഷകസംഘടനയായ എ കെ എസിന്‍റെ പിന്തുണയോടെ ആരംഭിച്ച സമരം, ഇടത്പക്ഷ സർക്കാര്‍ അധികാരമേറ്റിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമാകാതെ നീളുന്നതില്‍ ആദിവാസികള്‍ക്കിടയില്‍ പ്രതിഷേധമുയരുന്നു. യു ഡി എഫ് ഭരണകാലത്ത് സമരമാരംഭിക്കുമ്പോള്‍ സി പി എമ്മും നല്‍കിയ പിന്തുണ അധികാരം കിട്ടിയശേഷം തുടരുന്നില്ലെന്ന പരാതി ഉയരുമ്പോഴും പ്രശ്ന പരിഹാരമില്ലാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇരുളം ഭൂസമര സമിതി. 

എന്നാല്‍ സമരം ആരംഭിച്ചപ്പോള്‍ സമരരംഗത്തുണ്ടായിരുന്നവരില്‍ പലരും സമരരംഗത്ത് നിന്നും പിന്‍മാറി കഴിഞ്ഞു. സമരസമിതി കുടിലുകള്‍ കെട്ടിയ സ്ഥലങ്ങള്‍ വന്യമൃഗശല്യം ഏറിയതും ശുദ്ധജല ലഭ്യതക്കുറവും സമരരംഗത്തെ ഏറെ ബാധിച്ചു. സന്ധ്യമയങ്ങിയാല്‍ ആനയടക്കമുള്ള മൃഗങ്ങള്‍ കുടിലുകള്‍ക്ക് സമീപമെത്തുന്നത് നിത്യസംഭവമാണ്. പടക്കം പൊട്ടിച്ചും മറ്റുമാണ് വന്യമൃഗങ്ങളെ സമരക്കാര്‍ അകറ്റുന്നത്. കഴിഞ്ഞ വേനലില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശം കൂടിയാണ് ഇരുളം. 

പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടും മറ്റും നിര്‍മിച്ച ചെറുകൂരകളിലാണ് സമരക്കാര്‍ കഴിയുന്നത്. കാറ്റില്‍ ഏത് സമയവും വീഴാമെന്ന നിലയില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കടിയില്‍ ചോര്‍ന്നൊലിക്കുന്ന കുടിലുകളിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാര്‍ ജീവിക്കുന്നത്. നിലവില്‍ സമരരംഗത്ത് ഇരുന്നൂറോളം കുടിലുകള്‍ സജീവമായുണ്ട്. സമരം നിർത്തണമെന്നാവശ്യപ്പെട്ട് പലയിടങ്ങളില്‍ നിന്ന് സമര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ പ്രശ്ന പരിഹാരത്തിന് തയ്യാറാകും വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സമര സമിതി. ആദിവാസിക്ഷേമ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കാണാനുള്ള അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും പ്രശ്നപ്രരിഹാരത്തിന്‍റെ കേന്ദ്ര ഇടപെടലിനായി ശ്രമിക്കുകയാണെന്നും സമരസമിതി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios