നിങ്ങളുടെ കനിവുണ്ടെങ്കില്‍ പരസഹായമില്ലാതെ സതിക്ക് നടക്കാം

By Web TeamFirst Published Sep 13, 2018, 2:59 AM IST
Highlights

വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഇരുപത് വര്‍ഷം മുമ്പ് ഇരുവരുടെയും വിവാഹം. വിവാഹ ശേഷം അശോകന്‍റെ അമ്മയുടെ ചേച്ചിയുടെ പേരിലുള്ള പത്തു സെന്റ്‌ ഭൂമിയിൽ മൺ കട്ടകളും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് നിർമ്മിച്ച ഒരു ഷെഡിലാണ് ഇരുവരും വിവാഹശേഷം താമസം ആരംഭിച്ചത്. 


കാസർകോട്: കാഞ്ഞങ്ങാട് മാവുങ്കാൽ മേലടുക്കത്തെ അശോകന്‍റെയും (54) ഭാര്യ  സതിയുടേയും (47)  പ്രണയവിവാഹമായിരുന്നു. മറ്റേതൊരു സാഹചര്യവും പോലെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഇരുപത് വര്‍ഷം മുമ്പ് ഇരുവരുടെയും വിവാഹം. വിവാഹ ശേഷം അശോകന്‍റെ അമ്മയുടെ ചേച്ചിയുടെ പേരിലുള്ള പത്തു സെന്റ്‌ ഭൂമിയിൽ മൺ കട്ടകളും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് നിർമ്മിച്ച ഒരു ഷെഡിലാണ് ഇരുവരും വിവാഹശേഷം താമസം ആരംഭിച്ചത്. 

രണ്ട് വര്‍ഷത്തോളം അല്ലലില്ലാതെ ജീവിച്ച ഇരുവര്‍ക്കുമിടയിലേക്കാണ് സതിയുടെ കാലിലെ ' വേദന കേറി' വന്നത്. ആദ്യം സഹിക്കാവുന്ന വേദനയായിരുന്നു. പിന്നീട് പതുക്കെ അത് ഇരുകാലുകളുടെയും ചലനശേഷിയേ ബാധിച്ചു.  സതിക്ക്  ബീഡി തെറുപ്പ് ജോലിക്ക് പോകാന്‍പറ്റാതെയായി. ഭാര്യ ശരീരം തളര്‍ന്ന് ഒറ്റമുറി വീട്ടില്‍ കിടപ്പിലായതോടെ അശോകന് സിമന്‍റ് പണിക്ക് പോകാന്‍ പറ്റാതെയായി. ഇതോടെ ഇരുവരും ഏതാണ്ട് പട്ടിണിയിലായി. 

രോഗം പിടിപ്പെട്ട ശേഷം സതിക്ക് ഒന്നെഴുന്നേറ്റിരിക്കണമെങ്കിലോ ദിനചര്യകൾക്കോ അശോകന്‍റെ സഹായം വേണം.  തേപ്പ് തൊഴിലാളിയായ അശോകൻ ജോലികൾക്ക് പോകാതെ ഒരു വർഷമായി. അശോകന്‍റെ വല്ല്യമ്മയുടെ (മൂത്തമ്മ)  പേരിലുള്ള സ്ഥലത്ത്, വീടെന്ന് പറയാൻ പറ്റാത്ത ചെറ്റ കുടിൽലിൽ അയൽവാസികളും നാട്ടുകാരും സുമനസ്സുകളും നൽകുന്ന സഹായമാണ് ഇപ്പോള്‍ ഇരുവരുടെയും പട്ടിണി അകറ്റുന്നത്.

സതിയുടെ ഇരുകാലുകളുടെയും മുട്ടിന് താഴെയുള്ള ചലനശേഷി ഇപ്പോള്‍ പൂർണ്ണമായും ഇല്ലാതായി. ഒരുവർഷം മുൻപ് വരെ അശോകൻ സതിയെ ചികിൽസിച്ചിരുന്നു. തേപ്പ് ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം പൂർണ്ണമായും ഭാര്യയുടെ ചികിത്സയ്ക്കായി മാറ്റിവെച്ച അശോകന് ഇപ്പോൾ സതിയെ തനിച്ചാക്കി ജോലിക്ക് പോകുവാൻ കഴിയാതായതോടെയാണ് ചികിത്സ മുടങ്ങിയത്. വേദന കൂടുമ്പോള്‍ സർക്കാർ ആശുപത്രികളിൽ നിന്നും കിട്ടുന്ന മരുന്നാണ് സതിയുടെ ഏക ആശ്വാസം. 

വിദഗ്‌ധ ചികിത്സ നൽകിയാൽ അശോകന് സതിയെ പരസഹായമില്ലാതെ നടത്താനാകുമെന്നാണ് ഡോക്റ്റർമാർ പറഞ്ഞത്. എന്നാൽ അതിനുള്ള വഴി അശോകന് സാധ്യമാകണമെങ്കിൽ അലിവുള്ളമനസുകൾ തന്നെ കനിയണം. അശോകനെയും സതിയെയും സഹായിക്കുന്നവർക്ക് അശോകന്‍റെ  പേരിൽ സിണ്ടിക്കേറ്റ് ബാങ്കിന്‍റെ കാഞ്ഞങ്ങാട് ശാഖയിലുള്ള 42552250002551 എന്ന അക്കൌണ്ട് നമ്പറിൽ പണമയക്കാം. ഐ.എഫ്‌.സി.കോഡ്. 004255. ഫോൺ : 9048989309.

click me!