
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരത്തിനു പോയ സംഘത്തിലെ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ഹോട്ടൽ ജീവനക്കാർ മർദ്ദിച്ചതായി പരാതി. എറണാകുളം ജില്ലയിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് മർദ്ദനമേറ്റത്. കാലടി ഒക്കൽ സ്വദേശി ഓം പ്രകാശ്, കോതമംഗലം സ്വദേശികളായ ജഗദീഷ് കുമാർ, അജയകുമാർ എന്നിവരും കുടുംബാംഗങ്ങളും ഉൾപ്പെട്ട പത്തംഗ സംഘമാണ് മൂന്നാറിൽ പോയത്.
പഴയ മൂന്നാറിലുള്ള എസ് എൻ ഹോട്ടലിൽ നാല് മുറികൾ ഇവർ ഓൺലൈൻ വഴി ബുക്ക് ചെയ്തിരുന്നു. 6000 രുപ മുൻകൂറായി അടക്കുകയും ചെയ്തു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ ഹോട്ടലിലെത്താൻ വൈകുമെന്ന് ഫോൺ ചെയ്ത് അറിയിക്കുകയും ചെയ്തു. എന്നാൽ ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ ഹോട്ടലിൽ ചെന്നപ്പോൾ ഹോട്ടൽ ജീവനക്കാർ മുറികൾ നൽകാൻ തയ്യാറായില്ല.
പണം അടച്ച ബില്ല് കാണിച്ചെങ്കിലും ഹോട്ടൽ ജീവനക്കാർ സ്വീകരിച്ചില്ല, ഇതേത്തുടർന്നുള്ള തർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാർ തങ്ങളെ മർദ്ദിച്ചെന്നാണ് പരാതി. തുടർന്ന് അടിമാലി ഗവൺമെന്റ് ആശുപത്രിയിൽ ഇവർ ചികിത്സ തേടി. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചികിത്സിക്കാൻ തയ്യാറായില്ലെന്നും ഇവർ പറയുന്നു. തുടർന്ന് കാലടിയിലെത്തി ചികിത്സ തേടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് കേസെടുത്തു. ഇതിനിടെ സംഭവത്തിൽ ഉൾപ്പെട്ട ഹോട്ടൽ ജീവനക്കാരിൽ ചിലരും മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam