
ആലപ്പുഴ: ആലപ്പുഴയിൽ പൊതുമേഖല സ്ഥാപനമായ കയർകമ്പനി കെട്ടിടത്തിന്റെ മേൽക്കൂരയിലെ അറ്റകുറ്റപ്പണിക്കിടെ ഷീറ്റ് തകർന്ന് യുവാവിന് ദാരുണാന്ത്യം. തുറവൂർ വളമംഗലം വടക്ക് പുത്തൻകരിയിൽ സുധീർ-സുനി ദമ്പതികളുടെ മകൻ സായന്ത് (24) ആണ് മരിച്ചത്. ആലപ്പുഴ ബീച്ചിന് സമീപത്തെ ഫോംമാറ്റിങിസ് കമ്പനിയിൽ ഇന്ന് രാവിലെ 11.30നാണ് സംഭവം. കമ്പനിയിൽ ലാറ്റക്സ് ബാക്കിങ് പ്ലാന്റിന്റെ മേൽക്കൂരയുടെ മുകളിൽ കയറി പണിയെടുക്കുന്നതിനിടെ ഷീറ്റ് തകർന്ന് യുവാവ് താഴേക്ക് വീഴുകയായിരുന്നു.
40 അടിയോളം ഉയർച്ചയിൽ നിന്നാണ് സായന്ത് പ്ലാന്റിലെ തറയിലേക്ക് വീണത്. തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുദിവസമായി മൂന്ന് തൊഴിലാളികളാണ് ഷീറ്റ് മാറുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നത്. അറ്റകുറ്റപ്പണി കഴിഞ്ഞുവെന്ന ധാരണയിലാണ് പ്ലാന്റിലെ ജീവനക്കാർ ജോലിചെയ്തിരുന്നത്.
ഇതിനിടെ, വൻശബ്ദത്തോടെ മുകളിൽനിന്ന് താഴേക്ക് വീണപ്പോഴാണ് പലരും മേൽക്കൂരയിൽ പണിനടക്കുന്നുവെന്ന വിവരം അറിഞ്ഞത്. ഇന്ന് രാവിലെയെത്തിയ തൊഴിലാളികൾ പ്ലാന്റ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ രണ്ടുഭാഗത്തായിട്ടാണ് പണിയെടുത്തത്. അതിനാൽ സായന്ത് ഒറ്റക്കാണ് മേൽക്കൂരയുടെ മുകളിലുണ്ടായിരുന്നത്. സഹോദരി: ലയ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam