
മലപ്പുറം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസി ചാടിപ്പോയത് വലിയ വാർത്തയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞ ആളുകള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ വേങ്ങരിയില്‍ വെച്ച് പ്രതിയെ പിടികൂടുകയും ചെയ്തു. കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയാണ് ചാടിപ്പോയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഫൊറന്‍സിക് വാര്‍ഡിലെ തടവുകാരിയായ പൂനം ദേവിയായിരുന്നു ചാടിയത്. ഭർത്താവ് സഞ്ചിത് പസ്വാനെ സാരി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇവർ.
ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തി ഇളക്കിയായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് മാനിസികാസ്വാസ്ഥ്യം ഉണ്ടെന്നും ഇവരെ കിടത്തി ചികിത്സിക്കണമെന്നും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പൂനംദേവിയെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പിന്നീട് വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു.
ഈ വാര്‍ഡിലെ ശുചിമുറിയിലെ വെന്റിലേറ്റര്‍ കുത്തിത്തുറന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജനവരി 31ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി കെ ക്വോര്‍ട്ടേഴ്‌സില്‍ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടര്‍ന്നാണെന്നായിരുന്നു മരണമെന്ന് ഇവര്‍ പറഞ്ഞിരുന്നത്.
അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സന്‍ജിത് പസ്വാന്‍ മരിച്ചതിനെ തുടര്‍ന്ന് വേങ്ങര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തില്‍ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അഞ്ചു വയസ്സുള്ള സച്ചിന്‍ കുമാര്‍ എന്ന കുട്ടിയുമൊപ്പം സന്‍ജിത് പസ്വാന്‍ രണ്ടു മാസം മുമ്പ് വേങ്ങരയില്‍ എത്തിയത്.
Read more: മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം; പലചരക്ക് കട ആക്രമിച്ച് മൈദയും സവാളയും തിന്നു
എന്നാല്‍ രഹസ്യ ഫോണ്‍ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടര്‍ന്നു. അങ്ങനെയാണ് സന്‍ജിത് പസ്വാനെ വകവരുത്താന്‍ തീരുമാനിക്കുന്നത്. 31ന് രാത്രിയില്‍ ഉറങ്ങുകയായിരുന്ന സന്‍ജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ കുരുക്കാക്കി മാറ്റി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരാണ് ബോഡി ആശുപത്രിയില്‍ എത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam