ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ പലചരക്കുകടയാണ് കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് വനംവകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ അക്രമം. ചോക്കനാട് എസ്റ്റേറ്റില്‍ പലചരക്ക് കട ആക്രമിച്ച് മൈദയും സവാളയും തിന്നു. പ്രദേശത്ത് വനംവകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ചോക്നാട് കാട്ടാനകള്‍ കൂട്ടമായെത്തുന്നത് വര്‍ഷങ്ങളായി സ്ഥിരം കാഴ്ച്ചയാണ്. ഇങ്ങനെയെത്തിയ കാട്ടാനകളില്‍ ഒന്നാണ് പ്രദേശത്തെ പലചരക്ക് വ്യാപാരിയായ ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ പലചരക്ക് കട ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സഭവം. വാതിൽ തകർത്ത കാട്ടാന കടയില്‍ സൂക്ഷിച്ചിരുന്ന മൈദയും സവാളയും അകത്താക്കി. വ്യായാമത്തിന് ഉപയോഗിക്കുന്ന ട്രെഡ്മില്ലും കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ അതിനും കേടുപാടുകൾ പറ്റി. 15 വർഷത്തിനിടെ തന്‍റെ കടയ്ക്ക് നേരെ ഉണ്ടാകുന്ന പതിനാറാമത്തെ ആക്രമണമാണ് ഇതെന്ന് കടയുടമ പറഞ്ഞു. 

ആർ ആർ ടിയും നാട്ടുകാരും ചേർന്നാണ് കാട്ടാനയെ തുരത്തിയത്. പ്രദേശം വനംവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത വേണമെന്നാണ് പരിസരവാസികള്‍ക്ക് വനംവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം.

Also Read: നാടിറങ്ങുന്ന ആനകളെ വെടിവച്ചുകൊല്ലുമെന്ന് ഡിസിസി പ്രസിഡണ്ട്, ‌ആ‍‍‌‍‍ർആർടി സംഘം ഇടുക്കിയില്‍, ആനപ്പേടിയിൽ ധോണി