
മലപ്പുറം: കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായത്തോടെ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് അധികൃതർ. കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ അമരമ്പലത്താണ് പന്നി വേട്ട നടത്തിയത്. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാട്ടുപന്നികള്‍ വ്യാപകമായി കാർഷിക വിളകള്‍ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാപകല്‍ ഭേദമില്ലാതെ പന്നി ഇടിച്ച് വാഹനാപകടങ്ങളും പതിവായിരുന്നു. തുടർന്ന് ഗ്രാമ പഞ്ചായത്തിന്‍റെ ഇടപെടലില്‍ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്.
കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡിഎഫ്ഒയുടെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ള പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി എസ് ദിലീപ് മേനോൻ, എം എം സക്കീർ ഹുസൈൻ, അസീസ് മങ്കട, ഹാരിസ് കുന്നത്ത്, ഫൈസല്‍ കുന്നത്ത്, ജലീല്‍ കുന്നത്ത്, ശ്രീധരൻ, ശശി, പ്രമോദ്. അർഷാദ് ഖാൻ പുല്ലാനി തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
അമരമ്പലത്ത് മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് കാട്ടുപന്നികള്‍ പെറ്റുപെരുകിയ അവസ്ഥയാണെന്ന് വേട്ടക്കാർ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും തങ്ങളുടെ സേവനം ഉണ്ടാകുമെന്നും ഇവർ പറഞ്ഞു. കൊന്നൊടുക്കിയ പന്നികളെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ പി അഭിലാഷിന്‍റെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം അമരമ്പലം വനത്തിനകത്ത് സംസ്കരിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കല്‍ ഹുസൈൻ, വാർഡ് അംഗം അബ്‍ദുൾ ഹമീദ് ലബ്ബ എന്നിവരും സ്ഥലത്തെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam