മലപ്പുറം കൊണ്ടോട്ടിയിൽ അനധികൃതമായി വിദേശ മദ്യം കടത്താൻ ശ്രമിച്ചയാൾ എക്സൈസ് പിടിയിലായി. മുസ്ലിയാരങ്ങാടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ സ്കൂട്ടറിൽ നിന്ന് 53 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മലപ്പുറം: അനധികൃതമായി വില്‍പനക്കെത്തിച്ച വിദേശ മദ്യവുമായി ഒരാള്‍ എക്സൈസിന്റെ പിടിയില്‍. കൊണ്ടോട്ടി നെടിയിരുപ്പ് കുമ്പളപ്പാറ ബാബുവാണ് (48) അറസ്റ്റിലായത്. മുസ്ലിയാരങ്ങാടിയില്‍ എക്സൈസ് മലപ്പുറം റേഞ്ച് സംഘം നടത്തിയ വാഹന പരിശോധനക്കിടെ സ്‌കൂട്ടറിലെത്തിയ ബാബു പിടിയിലാകുകയായിരുന്നു. ഇയാളുടെ വാഹനത്തില്‍നിന്ന് 53 കുപ്പി വിദേശ മദ്യം മലപ്പറം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിപീഷും സംഘവും പിടി ച്ചെടുത്തു.

മേഖലയില്‍ അനധികൃത മദ്യ വില്‍പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. പ്രതിയെയും പിടിച്ചെടുത്ത മദ്യ ശേഖരവും വാഹനവും എക്‌സൈസ് സംഘം മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, പ്രിവന്റിവ് ഓഫിസര്‍മാരായ എന്‍. രഞ്ജിത്ത്, സതീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ രജിലാല്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.എസ്. സില്ല, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.