എസ് രാജേന്ദ്രന്‍റെ ഭൂമിയുടെ രേഖകള്‍ വില്ലേജ് ഓഫീസിന് കെെമാറിയിട്ടില്ല; അന്വേഷണം വഴിമുട്ടിയേക്കും

By Web TeamFirst Published Feb 12, 2019, 8:51 PM IST
Highlights

ഒരു വര്‍ഷം മുമ്പാണ് മൂന്നാര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് മൂന്നാര്‍ വില്ലേജ് ഓഫീസ് ആരംഭിച്ചത്. മൂന്നാര്‍ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ സര്‍വേ നമ്പറുകളിലുള്‍പ്പെട്ട ഭൂമികളുടെ രേഖകള്‍ തഹസില്‍ദ്ദാര്‍ മൂന്നാര്‍ ഓഫീസിന് കൈമാറിയിരുന്നു

ഇടുക്കി: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെയുള്ള ഭൂമി കൈയ്യേറ്റ ആരോപണത്തിലെ അന്വേഷണം വഴിമുട്ടുമെന്ന് ആക്ഷേപം. എസ് രാജേന്ദ്രന്‍റെ ഭൂമിയുടേത് ഉള്‍പ്പെടെയുള്ള രേഖകള്‍ മൂന്നാര്‍ വില്ലേജ് ഓഫീസിന് ഇതുവരെ കെെമാറിയിട്ടില്ല.  ഭൂമിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് ഇത് തിരിച്ചടിയാകുമെന്നാണ് സൂചന.

അനധിക്യതമായി മണ്ണെടുത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെയുള്ള അന്വേഷണം നിലയ്ക്കുമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് മൂന്നാര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് മൂന്നാര്‍ വില്ലേജ് ഓഫീസ് ആരംഭിച്ചത്.

മൂന്നാര്‍ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ സര്‍വേ നമ്പറുകളിലുള്‍പ്പെട്ട ഭൂമികളുടെ രേഖകള്‍ തഹസില്‍ദ്ദാര്‍ മൂന്നാര്‍ ഓഫീസിന് കൈമാറിയിരുന്നു. എന്നാല്‍, പാര്‍ട്ടി ഗ്രാമമെന്ന് അറിയപ്പെടുന്ന സിപിഎം നേതാക്കള്‍ കൈയ്യേറിയ ഭൂമികളുടെ രേഖകള്‍ മാത്രം നാളിതുവരെ നല്‍കിയിട്ടില്ല.

സര്‍വേ നമ്പര്‍ 917ല്‍ നിലനില്‍ക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് ഇത് തടസമാവുകയും ചെയ്തു. ഇരുപതോളം കെട്ടിടങ്ങളാണ് ഇക്കാനഗറിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിര്‍മിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂമി കാലങ്ങള്‍ കഴിഞ്ഞതോടെ സിപിഎം  നേതാക്കള്‍ കൈയ്യേറുകളും അവിടെ നിര്‍മ്മാണങ്ങള്‍ നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

കെഎസ്ഇബിയുടെ നിരവധി കെട്ടിടങ്ങള്‍ ഇവിടെയുണ്ടായിരുന്നെങ്കിലും ഭൂമി താഴ്ന്നുപോകുന്നതിനാല്‍ കെട്ടിടങ്ങള്‍ മണ്ണിനടിയിലായി. ഇതോടെ ഭൂമി വൈദ്യുതി വകുപ്പ് ഉപേക്ഷിച്ചതാണ് കൈയ്യേറ്റം വ്യാപകമാകാന്‍ കാരണം. ദേവികുളം എംഎല്‍എയുടെ വീട് നിലനില്‍ക്കുന്നത് കൈയ്യേറ്റ ഭൂമിയിലാണെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് വീടിന് സമീപത്ത് മണ്ണിട്ട് നികത്തി വീണ്ടും കൈയ്യേറ്റം നടന്നിരിക്കുന്നത്. ദേവികുളം സബ് കളക്ടര്‍ രേണു രാജ് നേരിട്ട് സന്ദര്‍ശനം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ പരിശോധന വേണ്ടി വരുമെന്നാണ് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ ആയുബ് ഖാന്‍റെ  നിലപാട്. 

click me!