
തിരുവനന്തപുരം: ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഐ ടി ഐ വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കോവളം മുട്ടയ്ക്കാട് കളത്തറവീട്ടിൽ ദിലീപിന്‍റെയും ശാലിനിയുടെയും മകൻ ധനഞ്ജയ് (19) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ കോവളം - കാരോട് ബൈപ്പാസിന്‍റെ പയറുംമൂട് ഭാഗത്തായിരുന്നു അപകടം.
രണ്ടു വാഹനങ്ങളിലായി നാലംഗ സംഘമായി സഞ്ചരിക്കവെയായിരുന്നു ഇവർ. മുന്നിൽ പോകുകയായിരുന്ന സിമെന്‍റ് കയറ്റിയ ലോറിക്ക് പിന്നിൽ ധനഞ്ജയ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുട്ടയ്ക്കാട് സ്വദേശി അഭിജിത് പരിക്കുകളോടെ രക്ഷപെട്ടു. അഭിജിത്തിന് കാലിന് പരിക്കേറ്റു. അപകടം നടന്നയുടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവങ്കിലും ജീവൻരക്ഷിക്കാനായില്ല.
രാവിലെ പദ്മനാഭസ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പോയശേഷം തിരികെവീട്ടിലേക്ക് പോകവേയായിരുന്നു അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. ചാക്ക ഐ ടി ഐയിലെ ലോജിസ്റ്റിക് വിദ്യാർഥിയായിരുന്നു ധനഞ്ജയ്. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam