2 ആഴ്ചയ്ക്കുള്ളിൽ 80 രൂപയിലേറെ വിലയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. സാധാരണ വിപണിയിൽ 290 രൂപയാണ് ബ്രോയിലർ കോഴിക്ക് ഈടാക്കുന്നത്
തിരുവനന്തപുരം: പുതുവർഷ പിറവിക്കും പിടിച്ച് നിർത്താനാകാതെ ചിക്കൻ വില. ഇറച്ചിക്കോഴി വിലയും സ്വർണ വില പോലെ കുതിച്ചുയരുകയാണ്. ക്രിസ്തുമസിന് 165 രൂപയായിരുന്നു ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. ഇതിന് ശേഷം 2 ആഴ്ചയ്ക്കുള്ളിൽ 80 രൂപയിലേറെ വിലയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. സാധാരണ വിപണിയിൽ 290 രൂപയാണ് ബ്രോയിലർ കോഴിക്ക് ഈടാക്കുന്നത്. ഫാമുടമകൾ വില കുത്തനെ വില കൂട്ടുന്നുവെന്നാണ് കടയുടമകൾ വിശദമാക്കുന്നത്. ലെഗോൺ കോഴിക്ക് 230 രൂപയാണ് ഇന്നത്തെ വില. വില കൂടുന്നുണ്ടെങ്കിലും ആവശ്യക്കാരുണ്ടെന്നാണ് കച്ചവടക്കാരുടെ പ്രതികരണം. വില വർധനവ് ഒരാഴ്ച കൂടി തുടർന്നേക്കുമെന്നാണ് കച്ചവടക്കാർ വിശദമാക്കുന്നത്. ആഘോഷ സീസണുകളിൽ ഇറച്ചിക്കോഴി വില ഉയരുന്നത് പതിവാണെങ്കിലും ഇത്രയും വർദ്ധനവ് ആദ്യമായാണെന്നാണ് കച്ചവടക്കാർ വിശദമാക്കുന്നത്. വരും ദിവസങ്ങളിൽ വിപണിയിൽ സർക്കാർ ഇടപെടലുകളുണ്ടായില്ലെങ്കിൽ 330ലേക്ക് ഇറച്ചിക്കോഴി വിലയെത്തുമെന്ന മുന്നറിയിപ്പും കച്ചവടക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
വില വർദ്ധനയ്ക്ക് പിന്നിൽ വമ്പൻ കമ്പനികളെന്ന് കച്ചവടക്കാർ

ലഭ്യത കുറവ് ചൂണ്ടിക്കാണിച്ച് വില കൂട്ടിയ ശേഷം ഡിമാൻഡ് കുറയുന്നതോടെ വില കുറയുന്നതാണ് പതിവ് രീതി. തമിഴ്നാട്ടിൽ നിന്നും ബെംഗളൂരുവിൽ നിന്നുമാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴികളെ ധാരാളമായി എത്തിക്കുന്നത്. അതിനാൽ തന്നെ വില നിശ്ചയിക്കുന്നത് ബെംഗളൂരുവിൽ നിന്നാണ്. വലിയ കമ്പനികൾ ഇറച്ചിക്കോഴി ലഭ്യത കുറവാക്കി കാണിക്കുന്നത് വില കൂടുന്നതിന് കാരണമാകുന്നുവെന്നും കച്ചവടക്കാർ ആരോപിക്കുന്നുണ്ട്.
ഡിസംബർ അവസാന വാരത്തിൽ പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ശീതീകരിച്ച മാംസത്തിനു പോലും വിലക്ക് പ്രഖ്യാപിച്ചതോടെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഇതുവരെ 24,309 പക്ഷികളെയാണ് കൊന്നൊടുക്കിയത്. കള്ളിങ് നടത്തിയ പ്രദേശങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങളും നടന്നിരുന്നു.


