
തിരുവനന്തപുരം: ദേശീയ പാതയിൽ ആറ്റിങ്ങൽ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തിന്‍റെ ഞെട്ടലില്‍ നാട്. കോളജ് വിദ്യാര്‍ത്ഥിനി മരണപ്പെടുകയും 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്‍റെ നടുക്കത്തിലാണ് നാട്ടുകാര്‍. കെ ടി സി ടി ആര്‍ട്‌സ് കോളേജിലെ എം എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയും ആറ്റിങ്ങല്‍ സ്വദേശിനിയുമായ ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. 22 വയസായിരുന്നു.
പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്. ആല്‍ഫിയയെന്ന വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നിൽ ഇടിക്കുകയും തുടർന്ന് ഇവിടെ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
മൂന്ന് വിദ്യാർത്ഥികൾ വാഹനത്തിന് അടിയിൽപ്പെട്ടു. നിരവധിപേര്‍ ഇടിയുടെ ആഘാതത്തിൽ പല ഭാഗത്തേക്ക് തെറിച്ചു വീണു. നാട്ടുകാർ ഉടൻ പരിക്ക് പറ്റിയവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് പറ്റിയ പലർക്കും ശരീരത്തിൽ എല്ലുകൾക്ക് പൊട്ടൽ ഏറ്റിട്ടുണ്ട്. കാർ ഓടിച്ച കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാറിന്‍റെ ഉടമ റഹീമും കാറിലുണ്ടായിരുന്നു. അതേസമയം, മേലെ വെട്ടിപ്രത്ത് കാറ് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. പാലക്കാട് സ്വദേശി സജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശി അനീഷിനും കട്ടപ്പന സ്വേദേശി ദേവനുമാണ് പരിക്കേറ്റത്. വളവ് തിരിഞ്ഞെത്തിയ കാറ് രണ്ട് ബൈക്കുകളിലേക്ക് ഇടിക്കുകയിയാരുന്നു. മരിച്ചവർ രണ്ടും ഒരു ബൈക്കിലാണുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam