
കല്‍പ്പറ്റ: ഇന്നലെയാണ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആ പരാതിയെത്തിയത്. ട്യൂഷന്‍ സെന്ററിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് കുട്ടികള്‍ വീട്ടില്‍ തിരികെയെത്തിയിട്ടില്ലെന്നതായിരുന്നു അത്. ഉടന്‍ ബന്ധപ്പെട്ടവരുടെ പരാതി സ്വീകരിച്ച പൊലീസ് സന്ദേശങ്ങള്‍ കേരളത്തിലേക്കും അതിര്‍ത്തി സംസ്ഥാനങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറി. കാണാതായ കുട്ടികളുടെ വിവരങ്ങള്‍ കൈമാറി സംയുക്തമായ അന്വേഷണം ആരംഭിച്ചു. ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചു. കാണാതായ മൂന്ന് കുട്ടികളെയും വെറും മൂന്ന് മണിക്കൂറുകള്‍ക്കകം കണ്ടെത്തി കേരള പോലീസ് അവരെ ചേർത്തുപിടിച്ചു.
ജില്ലാ സ്‌ക്വാഡ്, കോഴിക്കോട്, പാലക്കാട് റെയില്‍വേ പൊലീസ് എന്നിവരുടെ സഹായത്തോടെ കല്‍പ്പറ്റ പൊലീസാണ് കുട്ടികളെ പാലക്കാട് നിന്ന് കണ്ടെത്തിയത്. കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കിയ ശേഷം വയനാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി മൂവരെയും മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. ട്യൂഷന്‍ സെന്ററിലേക്കാണെന്ന് പറഞ്ഞാണത്രേ കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും കൂട്ടികള്‍ വീട്ടിലെത്താതെ വന്നതോടെ പ്രാദേശികമായി അന്വേഷണം നടത്തുകയും ഫലമില്ലാതെ വന്നപ്പോള്‍ പൊലീസിനെ സമീപ്പിക്കുകയുമായിരുന്നു കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍. കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ജയപ്രകാശ്, എസ്.ഐ വിമല്‍ ചന്ദ്രന്‍, എ.എസ്.ഐമാരായ റഫീഖ്, രമേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു രാജ്, ജിജിമോള്‍ എന്നിവരാണ് കല്‍പ്പറ്റയില്‍ നിന്നുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam