
കണ്ണൂർ : മേയർ പദവിയെ ചൊല്ലി കണ്ണൂർ കോർപറേഷനിലെ മുസ്ലിം ലീഗ്, കോൺഗ്രസ് തർക്കത്തിന് പരിഹാരം. രണ്ടുവർഷത്തേക്ക് ലീഗുമായി മേയർ സ്ഥാനം പങ്കിടാമെന്ന് കോൺഗ്രസ് സമ്മതിച്ചു. ഇതോടെ കോൺഗ്രസുമായി കോർപ്പറേഷനിൽ സഹകരിക്കില്ലെന്ന തീരുമാനം ലീഗ് പിൻവലിച്ചു.
രണ്ടര വർഷം തന്നെ മേയർ സ്ഥാനം വേണമെന്ന നിലപാടിലായിരുന്നു ലീഗ്. വീതം വെക്കുമോ എന്ന കാര്യത്തിൽ പോലും കോൺഗ്രസ് ഉറപ്പ് പറയാതിരുന്നത്തോടെ ഇടഞ്ഞ ലീഗ് കോർപ്പറേഷനിൽ നിസഹകരണവും പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ടു. കണ്ണൂരിൽ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ലീഗ് സെക്രട്ടറി സി മമ്മൂട്ടിയും ജില്ലാ നേതാക്കളും ചർച്ച നടത്തി. മേയർ സ്ഥാനം പങ്കിടാമെന്നു ഉറപ്പ് കിട്ടി. അന്തിമ തീരുമാനം കെപിസി സി അധ്യക്ഷനും ലീഗ് നേതാക്കളും പ്രഖ്യാപിക്കും.
രണ്ടര വർഷം ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നെങ്കിലും മേയർ പദവി കിട്ടുമെന്ന് കോൺഗ്രസ് നേതാക്കളെ കൊണ്ട് പരസ്യമായി പറയിക്കാൻ കഴിഞ്ഞതിൽ ലീഗും ഹാപ്പി. രണ്ടര വർഷം കിട്ടുന്നില്ലെങ്കിൽ ഒരു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൂടി ആറ് മാസത്തേക്ക് നൽകണം എന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ധാരണ ആയിട്ടില്ല. ലീഗിനെ പിണക്കേണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചതോടെ യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനിൽ മുന്നണിയിലെ പ്രതിസന്ധിക്ക് തത്കാലം പരിഹാരം.