
കരുനാഗപ്പള്ളി: കൊല്ലത്ത് സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് തകർത്ത് ഉടമക്ക് വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുത്ത് നൽകി എംഎൽഎ. കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി എംഎൽഎയുമായ സി.ആർ.മഹേഷ് ആണ് കൊല്ലം ചെറിയഴീക്കൽ സ്വദേശി അനിമോനാനും കുടുംബത്തിനും തുണയായത്. അനിമോന്റെ വീടാണ് ചോളമണ്ഡലം ഫിനാൻസിയേഴ്സ് ജപ്തി ചെയ്തത്. വീട്ടുകാരില്ലാത്ത സമയത്ത് നടത്തിയ ജപ്തി നടപടിയിൽ സ്ഥിരം കഴിക്കേണ്ട മരുന്നും വസ്ത്രങ്ങളും കുട്ടികളുടെ സർട്ടിഫിക്കറ്റുകളും മറ്റ് സാധനങ്ങളും വീടിനുള്ളിലാവുകയായിരുന്നു
കുടുംബം പെരുവഴിയിലായതോടെയാണ് എംഎൽഎയുടെ ഇടപെടൽ. വിവരമറിഞ്ഞെത്തിയ എംഎൽഎ ബാങ്ക് സീൽ വെച്ച വീടിന്‍റെ പൂട്ട് ഉളിയും ചുറ്റികയും വെച്ച് കുത്തിത്തുറന്ന് ഉടമസ്ഥനും കുടുംബത്തിനും വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുത്ത് നൽകുകയായിരുന്നു. വീട്ടുകാരോട് ഒരു മുന്നറിയിപ്പും നൽകാതെയാണ് ബാങ്ക് വീട് ജപ്തി ചെയ്തതെന്നും രോഗിയായ വീട്ടമ്മയുടെ മരുന്നും, റേഷൻകാർഡും, ആധാറുമടക്കമുള്ള രേഖകളും കുഞ്ഞുങ്ങളുടെ പാഠപുസ്തകങ്ങളും സ്ത്രീകളുടെ അടിവസ്ത്രങ്ങളുമടക്കം പൂട്ടിയ വീടിനുള്ളിലായിരുന്നുവെന്നും സി.ആർ മഹേഷ് കുറ്റപ്പെടുത്തി.
കുടുംബം പട്ടിണിയിലാണ്. ലോൺ അടവ് മുടങ്ങിക്കാണും, പക്ഷേ നടപടി സ്വീകരിക്കുമ്പോൾ വീട്ടുകാരെ അറിയിക്കണം. അത് സാമാന്യ മര്യാദയാണ്. അവർക്ക് മറ്റൊരു താമസ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. കോടതിയുടേയോ ബാങ്കിന്‍റെയോ അധികാരത്തെ ചോദ്യം ചെയ്യുകയല്ല. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് ഒരു വീട്ടുകാരെയും കുടിയൊഴിപ്പിക്കരുതെന്ന്. ഇതൊരു സ്വകാര്യ ബാങ്കാണ്. കൊള്ളപ്പലിശക്ക് പണം കൊടുക്കുന്ന ബാങ്കാണ്. നാട്ടിൽ പഞ്ചായത്ത് പ്രസിഡന്‍റടക്കമുള്ള ജനപ്രതിനിധികളുണ്ട്. അവരോടൊന്ന് സംസാരിച്ച് ഇവരെ സുരക്ഷിതമായി ഒരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള മര്യാദ ബാങ്ക് കാണിച്ചില്ല. അങ്ങയേറ്റം മനുഷ്യത്വരഹിതമായ നടപടിയാണ് ബാങ്ക് സ്വീകരിച്ചതെന്ന് സിആർ മഹേഷ് പറഞ്ഞു.
വീഡിയോ സ്റ്റോറി കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam