
മലപ്പുറം: പുസ്തകത്തിൽ ഉള്ളത് വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുന്ന അധ്യാപനം മാത്രമല്ല കാളികാവ് ആമപ്പൊയിൽ ജി യു പി സ്കൂളിലെ അറബി അധ്യാപകൻ ടി.പി അബ്ദുസ്സലാം. അദ്ധ്യാപനത്തിനൊപ്പം സ്‌കൂളിലെ വയറിംഗ്, പ്ലമ്പിംഗ്, തേങ്ങയിടല്‍ തുടങ്ങി എല്ലാ ജോലികളും ഏഴു വർഷമായി സൗജന്യമായി ചെയ്തു നല്‍കുന്നത് സലാം മാഷാണ്. കഴിഞ്ഞദിവസം ആമപ്പൊയില്‍ ജി.യു.പി സ്‌കൂളില്‍ കെട്ടിടത്തിനു മുകളിലേക്ക് അപകട ഭീഷണിയായി വളർന്ന വൻ കാഞ്ഞിര മരത്തിന്റെ കൊമ്പുകളും ഇദ്ദേഹം വെട്ടിമാറ്റി.
2019 ലാണ് ഇദ്ദേഹം ആമപ്പൊയില്‍ ജി.യു.പി സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിക്കെത്തിയത്. അതിനു മുമ്പ് നാട്ടില്‍ പലവിധത്തിലുള്ള കൂലിപ്പണികള്‍ ചെയ്തിരുന്നു. ജോലി കിട്ടിയതോടെ തൊഴില്‍ രംഗത്തെ തന്റെ കഴിവുകള്‍ സ്കൂളിനും നാട്ടിനുമായി ഉപയോഗപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. പൂങ്ങോട് തൊടിയപ്പുലത്തുകാരനായ ഇദ്ദേഹത്തിന് സേവനമാണ് ജീവിതം. കാറ്റടിച്ച് ആരുടെയെങ്കിലും വീടിന് മുകളില്‍ മരം വീഴുകയോ മരം വീണ് റോഡ് ബ്ലോക്കാവുകയോ ചെയ്താല്‍ തന്റെ വുഡ് കട്ടറുമായി സലാം ഓടിയെത്തും.
സലാം സ്കൂളിലെത്തിയ ശേഷം സ്‌കൂള്‍ വളപ്പിലെ തെങ്ങുകളിലെ തേങ്ങയിടാൻ ആരെയും വിളക്കേണ്ടി വന്നിട്ടില്ല. തന്റെ അറിവുകളും കഴിവുകളും ആരോഗ്യവും തന്റെ വിദ്യാർത്ഥികള്‍ക്കും സമൂഹത്തിനും നല്‍കുന്നതിലൂടെയാണ് ജീവിതം അർത്ഥവത്താകുന്നതെന്ന് സലാം പറയുന്നു. സ്‌കൂളില്‍ മാത്രമല്ല പുറത്തും സലാം മാഷ് സേവന സന്നദ്ധനാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam