
തിരുവനന്തപുരം: കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാർ കൈയ്യേറ്റം ചെയ്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ. ഫോൺ ചെയ്യുന്നതിനായി കെഎസ്ആർടിസി സ്റ്റാന്റിൽ ഒരു ഭാഗത്ത് മാറിനിന്നു. ഈ സമയത്ത് വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്തി. ബസ് സ്റ്റാന്റിൽ നിർത്തിയ ശേഷം അപ്രതീക്ഷിതമായി മുന്നോട്ടെടുത്തു. ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയിൽപെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് യാത്രക്കാരായ നാട്ടുകാരും വിദ്യാർത്ഥികളും ബസ് സ്റ്റാന്റിൽ സംഘടിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവർ കെഎസ്ആർടിസി സൂപ്രണ്ടിന്റെ ഓഫീസ് മുറിയിലേക്ക് ഓടിക്കയറി. ഇയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാക്കുതർക്കം ഉടലെടുത്തത്. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam