കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി 4000 കിലോമീറ്റർ അകലെ! നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ നിന്നും രാത്രി രക്ഷപ്പെടുത്തി കേരള പൊലീസ്

Published : Aug 21, 2026, 07:45 AM IST
kuruppampady police

Synopsis

കുറുപ്പംപടിയിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ കേരള പോലീസ് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കണ്ടെത്തി. 4000 കിലോമീറ്ററോളം സഞ്ചരിച്ച്, ഒഡിഷ പോലീസിന്റെ സഹായത്തോടെ നടത്തിയ സാഹസികമായ അർധരാത്രി ഓപ്പറേഷനിലൂടെയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

കൊച്ചി: കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് 13കാരിയെ കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കി. തുടർന്ന് കുറുപ്പംപടിയിൽ നിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു. ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്. പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും മനസ്സിലാക്കിയ അന്വേഷണ സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി. പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചു.

ഇതോടെ അർധരാത്രിയോടെ പ്രദേശത്തേക്ക് പോകാൻ അന്വേഷണ സംഘം തീരുമാനിച്ചു. എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. കുറുപ്പംപടി സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങൾ നൽകി. രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് പൊലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തി. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ നടന്ന് പ്രദേശത്തേക്ക് പ്രവേശിച്ചു. കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പൊലീസ് സംഘം വീടിന് ചുറ്റും വളയം തീർത്തു.

ഇതിനിടെ സമീപ വീടുകളിലുള്ളവരും ഉണർന്നെത്തി. ചെറിയ വാക്കുതർക്കത്തിനൊടുവിൽ പൊലീസ് അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു. അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത പ്രദേശത്ത് നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു., ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച അന്വേഷണ സംഘം പെൺകുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി. സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സി പി ഒ മാരായ എൻ.പി ബിന്ദു , അരുൺ കെ കരുണൻ , രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെഹ്റു ട്രോഫി വള്ളംകളി കാണാൻ പോകുന്നവർ ശ്രദ്ധിക്കുക; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം
കഴക്കൂട്ടം- കാരോട് ബൈപാസിൽ അപകടം തുടർക്കഥ, പൊലീസിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ