
ഏറ്റുമാനൂർ: കോട്ടയം കിടങ്ങൂരിൽ റിട്ടേർഡ് അധ്യാപകന്‍റെ (Retired Teacher) പണം തട്ടിയ (Theft) കേസിൽ ക്രിമിനൽ സംഘം പിടിയിൽ (Arrest). ആസൂത്രിതമായ നീക്കത്തിലൂടെയാണ് പാദുവ സ്വദേശി ജോസഫിന്‍റെ രണ്ടര ലക്ഷം രൂപ സംഘം കവർന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് പ്രതികളെ 24 മണിക്കൂറിനകം കുരുക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ പാദുവ സ്വദേശി ശ്രീജിത്ത് ബെന്നിയും അമയന്നൂർ സ്വദേശി സ്വരജിത്തും. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റിട്ടേർഡ് അധ്യാപകനായ ജോസഫിനെ തടഞ്ഞ് നിർത്തിയായിരുന്നു കവർച്ച.
ജോസഫ് പണമെടുക്കാനായി രണ്ട് ബാങ്കുകളിൽ കയറിയിരുന്നു. ഇതെല്ലാം നിരീക്ഷിച്ച ശേഷമായിരുന്നു പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ആളൊഴിഞ്ഞ പ്രദേശത്ത് കാത്ത് നിന്ന് ജോസഫിനെ കൈകാണിച്ച് നിർത്തി. തുടർന്ന് മനപൂർവ്വം തർക്കമുണ്ടാക്കി ജോസഫിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ബൈക്കിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി രക്ഷപ്പെട്ടു. പേടിച്ചു പോയ വയോധികൻ ഇവരെ പിന്തുടരാൻ ശ്രമിച്ചില്ല.
ഇതോടെ കുറെ പണം മദ്യശാലയിലും മറ്റും പ്രതികൾ ചെലവഴിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ച വിവരം അറിഞ്ഞ് ഇരുവരും ഒളിവിൽ പോവുകയായിരുന്നു. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്. പ്രതികളുടെ ഫോട്ടോ ജോസഫ് തിരിച്ചറിഞ്ഞതാണ് കേസിൽ ഏറെ നിർണായകമായത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പാലാ ഡിവൈഎസ്പി ഷാജു ജോസിന്‍റേയും കിടങ്ങൂർ എസ്എച്ച്ഒ ആർ ബിജുവിന്‍റേയും നേതൃത്വത്തിൽ ശാസ്ത്രീയമായ നടത്തിയ അന്വേഷണത്തിലൂടെയാണ് 24 മണിക്കൂറിനകം പ്രതികളെ കുരുക്കിയത്. കൃത്യം നടത്തിയ സ്ഥലത്തേയ്ക്ക് പ്രതികളെ എത്തിച്ചയാളെ കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam