Latest Videos

ഗതാഗത കുരുക്കഴിക്കാൻ വാട്ടർ മെട്രോ ഫോർട്ട് കൊച്ചിയിലേക്ക്; സർവ്വീസ് ആരംഭിക്കുക ഈ മാസം 21 മുതൽ

By Web TeamFirst Published Apr 18, 2024, 3:37 PM IST
Highlights

ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ - ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുവാനാണ് തീരുമാനം.

കൊച്ചി: പൊതുജനങ്ങളും വിനോദസഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോർട്ട് കൊച്ചിയിലേക്ക് കൊച്ചി വാട്ടർ മെട്രോ ഏപ്രിൽ 21ന് സർവ്വീസ് ആരംഭിക്കും. വിനോദസഞ്ചാരികൾക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ ഇനി ഫോർട്ട് കൊച്ചിയിലെത്താം. വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. 

ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് ഞായറാഴ്ച്ച സർവ്വീസ് ആരംഭിക്കുന്നത്. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ - ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുവാനാണ് തീരുമാനം. അവധിക്കാലമാഘോഷിക്കാനൊത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്തിച്ചേരാൻ വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പാഴാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുന്നത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോയെത്താൻ ഇനി അധികം വൈകില്ല. ഇതിന് മുന്നോടിയായി നടപ്പാതകളും വഴിവിളക്കുകളുമുൾപ്പെടെ മാറ്റി സ്ഥാപിച്ച് കെഎംആർഎൽ ഫോർട്ട് കൊച്ചിയുടെ മുഖം മിനുക്കി. സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചിട്ടുണ്ട്.

Read More :  കോഴിക്കോട്ട് കോടതിക്കുള്ളില്‍ പട്ടാപ്പകല്‍ മോഷണ ശ്രമം?; പൊലീസ് പരിശോധന നടക്കുന്നു

click me!