
തിരുവനന്തപുരം: തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ. 47 ഗ്രാം എം ഡി എം എയുമായാണ് കൊല്ലം സ്വദേശി സൂരത്ത് പിടിയിലായത്. എക്സൈസ് സംഘമാണ് സൂരത്തിനെ പിടികൂടിയത്. ടൂറിസ്റ്റ് ബസിൽ ബംഗളുരുവിൽ നിന്നും രഹസ്യമായി എം ഡി എം എ കൊണ്ടു വരുമ്പോഴാണ് പ്രതി പിടിയിലായത്. ബസില്‍ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് അറിയിച്ചു.
അതേസമയം ആലപ്പുഴയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അറവുകാട് സ്കൂളിന് സമീപം വില്പനക്കായി എം ഡി എം എ സൂക്ഷിച്ച രണ്ട് യുവാക്കളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. പുന്നപ്ര പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വില്പനക്കായി എം ഡി എം എ സൂക്ഷിച്ച പ്രതികൾ പിടിയിലായത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടിൽ മാഹിൻ (20), അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കാക്കാഴം വെളിംപറമ്പ് വീട്ടിൽ ഇർഫാൻ (19) എന്നിവരെയാണ് പിടികൂടിയത്. പുന്നപ്ര എസ് എച്ച് ഒ ലൈസാദ് മുഹമ്മദ്, എസ് ഐ രാകേഷ്, എസ് സി ഒ പി മാരായ രമേഷ് ബാബു, സേവ്യർ, ഉല്ലാസ്, സി പി ഒ മാരായ ടോണി, ചരൺ ചന്ദ്രൻ, ജോസഫ് എന്നിവർ അടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്കൂളിന് സമീപം വിൽപനക്കായി സൂക്ഷിച്ചു; എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ