
കൊല്ലം: ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 31 വർഷം കഠിനതടവും പിഴയും. ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മയ്യനാട്, വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭഭവനത്തിൽ ജയനെ (40) ആണ് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 18 മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നു വിധിയിൽ പറയുന്നു. 2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രേമിച്ചു വിവാഹം കഴിച്ച പ്രതി ഭാര്യയ്ക്കും 3 പെൺമക്കൾക്കുമൊപ്പം ഭാര്യമാതാവിന്റെ വീട്ടിലായിരുന്നു താമസം.
ജോലിക്കു പോകുന്നതിനെച്ചൊല്ലി ഇയാൾ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ ജോലി ചെയ്യുന്ന കൂട്ടിക്കടയിലുള്ള ലോട്ടറിക്കടയിലെത്തി ഭീഷണി പെടുത്തി. പിന്നീട് രാത്രി 7.30നു വീട്ടുമുറ്റത്തു നിന്ന ഭാര്യയുടെയും മകളുടെയും തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. ദേഹമാസകലം പൊളളലേറ്റ ഭാര്യയെയും മകളെയും അയൽവാസികളാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സ്ഥിതി ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽ പോയപ്രതിയെ 2025 ഓഗസ്റ്റിലാണ് പൊലീസ് പിടികൂടിയത്.
സംഭവത്തിൽ സാക്ഷിയായ അയൽവാസിയെ സംഭവം പറയാതിരിക്കാൻ പ്രതി ഭീഷണിപ്പെടുത്തുകയും സ്കൂട്ടർ തീ കൊളുത്തി നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിലും വിചാരണ നടക്കുകയാണ്. ഇരവിപുരം പൊലീസ് സബ് ഇൻസ്പെക്ടർ എ.പി.അനീഷ് റജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ കെ.വിനോദ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽപ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി. മുണ്ടയ്ക്കൽ, സോജ തുളസീധരൻ, അഡ്വ: ഗോകുൽ പി.രാജും ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam