
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന ഒഡീഷ സ്വദേശിയെ കോഴിക്കോട് ഡൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടി. ഒഡീഷയിലെ കുർദ സ്വദേശിയായ പ്രദീപ്കുമാർ ബഹ്റ(30) ആണ് പിടിയിലായത്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ അക്ബറിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. സംയുക്ത സംഘം നടത്തിയ പരിശോധനയിൽ മൂന്ന് കിലോ തൊണ്ണൂറു ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് അധീന പ്രദേശങ്ങളിൽ നിന്നും കഞ്ചാവ് വൻതോതിൽ ശേഖരിച്ച് കേരളത്തിൽ എത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിൽ പെട്ടയാളാണ് പിടിയിലായ പ്രദീപ്കുമാർ ബഹ്റ. ആന്ധ്രയിൽ നിന്നും തീവണ്ടിയിലാണ് കഞ്ചാവ് കടത്തുന്നത്. അതിഥി തൊഴിലാളികളെ ഉപയോഗിച്ച് വിൽപന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
കോഴിക്കോട് മാങ്കാവിലെ രഹസ്യകേന്ദ്രത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തുവെച്ച് പ്രതിയെ കസബ ഇൻസ്പെക്ടർ എൻ.പ്രജീഷ് ൻ്റെ നേതൃത്വത്തിൽ ടൗൺ സബ്ബ് ഇൻസ്പെക്ടർ ജയശ്രീ അറസ്റ്റ് ചെയ്തു.
കിലോയ്ക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ മുപ്പതിനായിരം രൂപ ഈടാക്കിയാണ് വിൽപന നടത്തുന്നത്. കോഴിക്കോട് ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത് സീനിയർ സിപിഒ കെ. അഖിലേഷ്, സിപിഓമാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, കാരയിൽ സുനോജ് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് ടൗൺ അസിസ്റ്റന്റ് എസ്ഐ മുഹമ്മദ് ഷബീർ, സീനിയർ സിപിഓമാരായ നജീബ് ബിനിൽ കുമാർ, ഡ്രൈവർ സി.പിഒ എം. ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam