
കണ്ണൂര്‍: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 20 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ചൊക്ലി പൊലീസാണ് സ്വമേധയാ കേസെടുത്തത്. സംഘം ചേർന്ന് തടഞ്ഞുവെച്ചു എന്ന കുറ്റമാണ് ചുമത്തിയത്. പരാതി നൽകാൻ ഇല്ലെന്ന നിലപാടാണ് കെ പി മോഹനന്‍ എംഎൽഎ സ്വീകരിച്ചത്. എന്നാല്‍, പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്.
പ്രതിഷേധക്കാർക്കിടയിലൂടെ എംഎൽഎ നടന്ന് പോയപ്പോഴായിരുന്നു കയ്യേറ്റം. പെരിങ്ങത്തൂരിൽ അങ്കണവാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനൻ എംഎൽഎ എത്തിയത്. മാസങ്ങളായി ഈ പ്രദേശത്ത് ഒരു ഡയാലിസിസ് സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇത്തരമൊരു പ്രശ്നം നാട്ടുകാർ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്. എംഎൽഎ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാർട്ടിക്കാരോ മറ്റോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വലിയ വാക്കേറ്റവും ഉണ്ടായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam