
ആലപ്പുഴ: ലെവല്‍ ക്രോസില്‍ കെഎസ്ആര്‍ടിസി ബസ് റെയില്‍ പാളത്തില്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. പാളത്തില്‍ കുടുങ്ങിയ ബസ് തള്ളി നീക്കിയതിനാല്‍ തലനാരിഴക്കാണ് വന്‍ ദുരന്തമൊഴിവായത്. ബസ് തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോവുകയും ചെയ്തു. ഇന്ന് വൈകിട്ടോടെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വെ ക്രോസിലാണ് സംഭവം. ഹരിപ്പാട് നിന്നും എടത്വ വഴി കോട്ടയം പോകുന്ന കെഎസ്ആര്‍ടിസി ബസ് ലെവല്‍ ക്രോസിലൂടെ കടന്നുപോകുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.
ബസിന്‍റെ ചവിട്ടുപടി പാളത്തില്‍ തടഞ്ഞ് ബസ് മുന്നോട്ടെടുക്കാന്‍ കഴിയാതെ നിന്നുപോവുകയായിരുന്നു. ബസ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയില്‍ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകാനുള്ള സമയവുമായി. ബസില്‍നിന്നും യാത്രക്കാരും ബസ് ജീവനക്കാരുമിറങ്ങി. സമയം കളയാതെ യാത്രക്കാരും ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ബസ് പാളത്തില്‍നിന്ന് തള്ളിയിറക്കുകയായിരുന്നു. ഇതിനുതൊട്ടുപിന്നാലെ ട്രെയിന്‍ കടന്നുപോയി. ബസ് പാളത്തില്‍നിന്ന് തള്ളിയിറക്കിയില്ലെങ്കില്‍ ട്രെയിന്‍ ഇടിച്ച് വലിയൊരു അപകടമുണ്ടാകാനുള്ള സാധ്യതാണ് തലനാരിഴയ്ക്ക് വഴിമാറിയത്. സംഭവം നടക്കുമ്പോള്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മുമ്പും നേരത്തെ ഈ ലെവല്‍ ക്രോസില്‍ വാഹനങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്നും ശാസ്ത്രീയ നിര്‍മാണമാണിതിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.
'ഇയർബഡ്സ് സഹകൗൺസിലർ അടിച്ചുമാറ്റി', നഗരസഭ കൗൺസിൽ യോഗത്തിൽ ഇതും ചൂടേറിയ ചർച്ച, ഒടുവിൽ സംഭവിച്ചത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam