യുവതി ബോധംകെട്ട് വീണു, കെഎസ്ആർടിസി ആംബുലൻസായി, പക്ഷേ ഗതാഗതകുരുക്ക്; മുന്നിലെ കാറിൽ ഡോക്ടർ സ്റ്റിക്കർ, രക്ഷ!

By Web TeamFirst Published Feb 27, 2023, 6:26 PM IST
Highlights

യാത്രക്കാരും ജീവനക്കാരും എല്ലാം ഒരുമിച്ച് നിന്നെങ്കിലും ഗതാഗതകുരുക്ക് വലിയ പ്രതിസന്ധിയായി. രക്ഷയെന്ത് എന്ന് എല്ലാവരും തലപുകക്കുന്നതിനിടെയാണ് മുന്നിലെ ഒരു കാറിൽ ഡോക്ടറിന്‍റെ സിംബ‍ൽ സ്റ്റിക്കർ ശ്രദ്ധയിൽപ്പെട്ടത്

തിരുവനന്തപുരം: ബസ് യാത്രക്കിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ കെ എസ് ആർ ടി സി ബസിൽ നടന്നത് സംഭവ ബഹുലമായ കാര്യങ്ങൾ. യാത്രക്കാരിയെ രക്ഷിക്കാനായി ബസ് ആംബുലൻസ് ആയി മാറുകയായിരുന്നു ആദ്യം. എന്നാൽ യാത്രക്കാരും ജീവനക്കാരും എല്ലാം ഒരുമിച്ച് നിന്നെങ്കിലും വഴിയിലെ ഗതാഗതകുരുക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രക്ഷയെന്ത് എന്ന് എല്ലാവരും തലപുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് മുന്നിലെ ഒരു കാറിൽ ഡോക്ടറിന്‍റെ സിംബ‍ൽ സ്റ്റിക്കർ പതിപ്പിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാർ തടഞ്ഞു ഡോക്ടറിന്റെ സഹായം തേടുകയായിരുന്നു ഏവരും. യുവതിയെ പരിശോധിച്ച ഡോക്ടർ പൾസ് കുറവാണെന്ന് ഡോക്ടർ അറിയിച്ചതോടെ കെ എസ് ആ‌ർ ടി സി വീണ്ടും ആംബുലൻസ് ആയി മാറി. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ യുവതിയെ എത്തിച്ച ശേഷമാണ് ഏവരും മടങ്ങിയത്. മടത്തറയിൽ നിന്നും കടയ്ക്കൽ, സെക്രട്ടറിയേറ്റ് വഴി തിരുവനന്തപുരം പോകുന്ന കിളിമാനൂർ ഡിപ്പോയിലെ RPM386 കെഎസ്ആർടിസി ബസ് ആണ് അതിലെ യാത്രകാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് ആയത്.

ചീറി പായുന്ന ബുള്ളറ്റിന്‍റെ ടാങ്കിൽ കുഞ്ഞിനെ കിടത്തി യാത്ര! വീഡിയോയുമായി പൊലീസ്; 'സ്നേഹമല്ല, അപകടകരമായ കുറ്റം'

സംഭവം ഇങ്ങനെ

ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബസ് വട്ടപ്പാറ കഴിഞ്ഞപ്പോൾ ബസ്സിലെ യാത്രക്കാരിയും കടയ്ക്കൽ സ്വദേശിനിയുമായ 30 വയസുകാരിക്ക് വിറയൽ ഉണ്ടാകുകയും തുടർന്ന് ബോധംകെട്ട് വീഴുകയുമായിരുന്നു. ഉടനെ യാത്രക്കാർ വിവരം കണ്ടക്ടർ ആൽബിനെ അറിയിച്ചു. യുവതിയുടെ ശരീരം പെട്ടെന്ന് തണുത്ത് തുടങ്ങിയതിനാൽ എല്ലാവരും ഭയന്നു എന്ന് കണ്ടക്ടർ ആൽബിൻ പറയുന്നു. പിന്നെ ഒന്നും നോക്കിയില്ല യുവതിയുമായി ബസ് നേരെ മെഡിക്കൽ കോളേജിലേക്ക് തിരിച്ചു. പൊതുവെ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വട്ടപ്പാറ മുതൽ തിരുവനന്തപുരം വരെയുള്ള റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഗതാഗതക്കുരുക്കിനിടയിലൂടെ മറ്റു വാഹനങ്ങളെ മറികടന്ന് ആശുപത്രി ലക്ഷ്യമാക്കി ബസ് പാഞ്ഞു.

ബസ്സ് മണ്ണന്തല എത്തുമ്പോൾ മുന്നേ പോകുന്ന ഒരു കാറിൽ ഡോക്ടർ ആണെന്ന സ്റ്റിക്കർ പതിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടറും ഡ്രൈവറും ഈ കാറിനെ മറികടന്ന് തടയുകയും തുടർന്ന് ബസ്സിലെ യാത്രക്കാർ കാറിൽ ഉണ്ടായിരുന്ന ഡോക്ടറിനോട് വിവരം ധരിപ്പിക്കുകയും ചെയ്തു. ഉടനെ ഡോക്ടർ ബസിൽ കയറി യുവതിയെ പരിശോധിക്കുകയും യുവതിക്ക് പൾസ് കുറവാണെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണമെന്നും അറിയിച്ചു. ഇതോടെ സമീപത്ത് സ്വകാര്യ ഫെർട്ടിലിറ്റി ക്ലിനിക്ക് ഉണ്ടെന്ന് മനസ്സിലാക്കി ബസ്സ് നേരെ അങ്ങോട്ടേക്ക് പാഞ്ഞു. ഇവിടെ എത്തി ഡോക്ടറെ വിവരങ്ങൾ ധരിപ്പിച്ചപ്പോൾ ഉടനെ ഇവർ യുവതിക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകിയെന്ന് ആൽബിൻ പറഞ്ഞു. ഇതിനിടയിൽ യുവതിയുടെ വീട്ടുകാരെയും ബസ്സ് ജീവനക്കാർ ഫോൺ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചു.യുവതിയ്ക്ക് മറ്റു ശാരീരിക പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്നുറപ്പാക്കിയതിനു ശേഷം ആണ് യാത്രക്കാരും ആശുപത്രിയിൽ നിന്ന് മടങ്ങിയത്.

ബസ്സ് ജീവനക്കാർ വിവരം കിളിമാനൂർ ഡിപ്പോയിൽ അറിയിക്കുകയും യുവതിക്ക് വേണ്ട എല്ലാ സഹായവും ചെയ്തു നൽകാൻ ഡിപ്പോയിൽ നിന്ന് സജീവിനോടും ആൽബിനോടും അറിയിച്ചു. തുടർന്ന് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം വെറേ ബസ്സുകളിൽ കയറ്റി വിട്ടു. ബസ്സ് ജീവനക്കാർക്ക് കൂട്ടായി യാത്രക്കാരായ രണ്ട് യുവാക്കൾ ആശുപത്രിയിൽ തന്നെ തുടർന്നു. സൗകര്യങ്ങൾ കുറവായതിനാൽ ഫെർട്ടിലിറ്റി ക്ലിനിക്കിൽ നിന്ന് യുവതിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. ഇതോടെ ബസ് ജീവനക്കാരും ഒപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളും ചേർന്ന് യുവതിയെ ടാക്സി കാറിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ വീട്ടുകാർ എത്തിയ ശേഷമാണ് സംഘം മടങ്ങിയത്. കടയ്ക്കൽ സ്വദേശി ആണ് ഡ്രൈവർ സജീവ് കുമാർ പി, കിളിമാനൂർ നഗറൂർ സ്വദേശി ആണ് കണ്ടക്ടർ ആൽബിൻ ടി.

click me!