
ആലപ്പുഴ: പന്ത്രണ്ട് മീറ്റർ നീളം, മൂന്ന് മീറ്റർ വീതി, ഏഴ് വീലുകൾ, കുഞ്ഞുമോന്റെ കണ്ടെയ്നർ സൈക്കിൾ വണ്ടി ആലപ്പുഴ നഗരത്തിന് കൗതുകക്കാഴ്ചയാകുന്നു. ഇരുപത് വർഷങ്ങൾക്ക് മുമ്പ് മുപ്പതിനായിരം രൂപ മുതൽ മുടക്കി പ്രത്യേകം പണി കഴിപ്പിച്ച ഈ വാഹനം കുഞ്ഞുമോന്റെ ജീവിതോപാദിയാണ്.
എത്ര ഭാരമുള്ള ചരക്കും ഈ വാഹനത്തിൽ കയറ്റി ജില്ലയിലെവിടെയും കൊണ്ടുപോകുന്നതിൽ തനിക്ക് ഒരു പ്രയാസവുമില്ല. അധ്വാനത്തിനുള്ള ന്യായമായ പ്രതിഫലം കിട്ടണമെന്നേയുള്ളു. ചിരിച്ച് കൊണ്ട് കുഞ്ഞുമോൻ തന്റെ നിലപാട് വ്യക്തമാക്കി. ആലപ്പുഴ വഴിച്ചേരി വാർഡിൽ ശവപ്പെട്ടിക്കടയുടെ സമീപത്താണ് കുഞ്ഞുമോന്റെ വാഹനം പാർക്കു ചെയ്യുന്നത്.
രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ജോലി വൈകുന്നേരം ആറ് മണിക്ക് അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ കുറഞ്ഞത് അഞ്ഞൂറിന് മുകളിൽ രൂപ തനിക്ക് ലഭിക്കുമെന്ന് കുഞ്ഞുമോൻ പറഞ്ഞു. നീട്ടി വളർത്തിയ മുടിയുള്ള കുഞ്ഞുമോൻ തന്റെ നീളമുള്ള കണ്ടെയ്നർ സൈക്കിളിൽ ചരക്ക് നിറച്ച് ആയാസപ്പെട്ട് ചവിട്ടി നീങ്ങുന്ന കാഴ്ച ആലപ്പുഴയിലെത്തുന്ന ഒട്ടേറെ അഭ്യന്തര വിദേശ സഞ്ചാരികളുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam