അനുവദിച്ച ഫണ്ട്‌ കുറവ്, നാലു വര്‍ഷം കഴിഞ്ഞിട്ടും വീടു നിര്‍മാണം പൂര്‍ത്തികരിക്കാനാകാതെ നിർധന കുടുംബം

By Web TeamFirst Published Jan 21, 2022, 4:01 PM IST
Highlights

മൂന്ന്‌ തവണയായി രണ്ടര ലക്ഷം രൂപാ മാത്രമാണ്‌ അനുവദിച്ചത്‌. ഈ തുകയും കടം വാങ്ങിയതും ചേർത്ത് മേല്‍കൂര ഒഴികെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചു. 

ആലപ്പുഴ: സര്‍ക്കാര്‍ അനുവദിച്ച ഫണ്ട്‌ കുറവ്, നാലു വര്‍ഷം കഴിഞ്ഞിട്ടും വീടു നിര്‍മാണം പൂര്‍ത്തികരിക്കാനാകാതെ സാധു കുടുംബം. മണ്ണഞ്ചേരി പഞ്ചായത്ത്‌ 12-ാം വാര്‍ഡില്‍ കൊച്ചു വെളിയില്‍ സജീവനും കുടുംബവും താല്‍ക്കാലിക ഷെഡിലാണ് അന്തിയുറങ്ങുന്നത്‌. ലൈഫില്‍പ്പെടുത്തി വീടു നിര്‍മിക്കാന്‍ നാലു ലക്ഷം രൂപ അനുവദിച്ചു നല്‍കാമെന്ന അന്നത്തെ പഞ്ചായത്തംഗത്തിന്റെ ഉറപ്പിനെത്തുടര്‍ന്നാണ്‌ ഇവര്‍ ഉണ്ടായിരുന്ന വീട്‌ പൊളിച്ച്‌ മാറ്റി വീട്‌ നിര്‍മാണം ആരംഭിക്കുന്നത്‌. 

മൂന്ന്‌ തവണയായി രണ്ടര ലക്ഷം രൂപാ മാത്രമാണ്‌ അനുവദിച്ചത്‌. ഈ തുകയും കടം വാങ്ങിയതും ചേർത്ത് മേല്‍കൂര ഒഴികെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചു. ശേഷിക്കുന്ന തുക മാസങ്ങളായിട്ടും ലഭിക്കാതെ വന്നതോടെ പഞ്ചായത്തിലും മറ്റും നിരന്തരം കയറി ഇറങ്ങിയെങ്കിലും നിങ്ങള്‍ക്കിനി പണം നല്‍കാനില്ലായെന്നും പ്രളയത്തില്‍ വീടിന് ഭാഗികമായി നാശം സംഭവിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ പണം അനുവദിച്ചെതെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.  

ലൈഫില്‍പ്പെടുത്തി ഫണ്ട്‌ അനുവദിക്കാതെ കേവലം രണ്ടര ലക്ഷം രൂപ മാത്രം അനുവദിച്ച്‌ വീട്‌ നിര്‍മിക്കാനാകില്ലെന്നും സഹായം നല്‍കണമെന്നും കാട്ടി 2021 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. വീട്‌ നിര്‍മാണം പൂര്‍ത്തികരിക്കാന്‍ ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പ്രായം ചെന്ന രോഗിയായ മാതാവും ഉള്‍പ്പെടുന്ന ഈ സാധു കുടുംബം എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്‌.

click me!