സിപിഎം വിട്ട് കോണ്‍ഗ്രസില്‍; ചെയ്യാത്ത കുറ്റത്തിന് വേട്ടയാടലെന്ന് അധ്യാപകന്‍, മറുപടിയുമായി ടി പി രാമകൃഷ്ണൻ

By Web TeamFirst Published Sep 21, 2022, 10:04 AM IST
Highlights

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉണ്ടായ ജൂണ്‍ 15ന് നൊച്ചാട് സ്കൂളില്‍ ജോലിയിലായിരുന്നു എയുപി സ്കൂള്‍ അധ്യാപകന്‍ അജീഷ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഘത്തില്‍ ഇങ്ങനെ ഒരാള്‍ ഉള്ളതായി പൊലീസിനും വിവരമില്ല

കോഴിക്കോട്: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ്  വേട്ടയാടുന്നുവെന്ന് പരാതി. കോഴിക്കോട് നൊച്ചാട് എയുപി സ്കൂള്‍ അധ്യാപകന്‍ അജീഷിനെതിരെ നടപടിയാവശ്യപ്പെട്ട്  വിദ്യാഭ്യാസ വകുപ്പ് മാനേജര്‍ക്ക് കത്ത് നല്‍കി. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഘത്തില്‍ അജീഷുമുണ്ടെന്ന് കാട്ടി ടി പി രാമകൃഷ്ണന്‍ എംഎല്‍എ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉണ്ടായ ജൂണ്‍ 15ന് നൊച്ചാട് സ്കൂളില്‍ ജോലിയിലായിരുന്നു എയുപി സ്കൂള്‍ അധ്യാപകന്‍ അജീഷ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഘത്തില്‍ ഇങ്ങനെ ഒരാള്‍ ഉള്ളതായി പൊലീസിനും വിവരമില്ല. എന്നിട്ടും ഈ സംഭവത്തിന്‍റെ പേരില്‍ ആരോപണം നേരിടുകയാണ് മുന്‍ സിപിഎം പ്രാദേശിക നേതാവ് കൂടിയായ അജീഷ്.

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പേരില്‍ തന്‍റെ പേരില്‍ ടിപി രാമകൃഷ്ണന്‍ എംഎല്‍എ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ വ്യാജ പരാതിയാണ് തനിക്കെതിരായ അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് അജീഷ് പറയുന്നു. അജീഷിനെതിരെ അന്വേഷണമാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കോഴിക്കോട് ഡിഡിഇയ്ക്കും ഡിഡിഇ ഇതുസംബന്ധിച്ച് സ്കൂള്‍ മാനേജര്‍ക്കും കത്ത് നല്‍കുകയായിരുന്നു. 

എന്നാല്‍, താന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് ടി പി രാമകൃഷ്ണന്‍റെ വിശദീകരണം. നൊച്ചാട് നടന്ന രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അജീഷിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പരസ്യമായി ഒരധ്യാപകന്‍ കലാപത്തിന് ആഹ്വാനം ചെയ്ത കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

എന്നാല്‍ എംഎല്‍എയുടെ പരാതിയില്‍ പറയാത്ത കാര്യം എങ്ങനെ പിന്നീട് അന്വേഷണമായി മാറിയെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിനും കൃത്യമായ മറുപടിയില്ല. പാര്‍ട്ടി വിടുന്നവരെ സിപിഎം വേട്ടയാടുന്നതിന് തെളിവാണിതെന്നും അജീഷിനെതിരായ നടപടി പിന്‍വലിക്കണമെന്നും ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

'ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഉപദേശിക്കണം'; ഗവര്‍ണര്‍ക്കെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്

click me!