
തിരുവനന്തപുരം: ട്രെയിൻ എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി... കണിയാപുരത്തെ ലെവൽ ക്രോസിൽ ഗേറ്റുകൾ അടഞ്ഞുവരികയാണ്. വാഹനങ്ങളുടെ തിരക്കിനിടെ ഗേറ്റ് അടയുന്നതിനൊപ്പം കേൾക്കുന്ന അലാറവും മുഴങ്ങുന്നു. ഗേറ്റ് ഏതാണ്ട് മുക്കാൽ ഭാഗവും താഴ്ന്നതിനിടെ പൊടുന്നനെ ഒരു ഓട്ടോറിക്ഷ പാഞ്ഞ് പാളത്തിലേക്ക്. ഇരുവശത്ത് നിന്നും ആളുകളും ഗേറ്റ് കീപ്പറും ബഹളം വച്ചിട്ടും അയാൾ ഓട്ടോയുമായി മുന്നോട്ടു കുതിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ശ്രമം പാളി. ഇരുവശത്തും ഗേറ്റുകൾ പൂർണമായി അടഞ്ഞതോടെ യാത്രക്കാരുമായെത്തിയ ഓട്ടോ പാളത്തിന് സമീപം കുടുങ്ങി.
ഒടുവിൽ ഗേറ്റ് കീപ്പർ ഓടിയെത്തി ഓട്ടോ ഡ്രൈവർക്ക് നിർദേശം നൽകി പിന്നോട്ടെടുപ്പിച്ച് ഇരുഗേറ്റുകൾക്കുള്ളിൽ സുരക്ഷിതമായി സ്ഥലത്ത് നിർത്തിച്ചു. അതിനിടെ കൂകിപ്പാഞ്ഞെത്തിയ തീവണ്ടിയും കടന്ന് പോയി. തുടർന്ന് ഓട്ടോയുടെ നമ്പർ നോട്ട് ചെയ്ത ശേഷമാണ് ഗേറ്റ് തുറന്ന് കടത്തിവിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്.
അതേസമയം, കണിയാപുരം റെയിൽവേ മേൽപാലം എത്തിയാൽ ഇത്തരം കാഴ്ചകൾ അവസാനിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. മേൽപ്പാലത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കുള്ള ഭാഗമാണ് കണിയാപുരം റെയിൽവേ ഗേറ്റ്. പലപ്പോഴും മൂന്നും നാലും ട്രെയ്നുകൾ കടന്നു പോയ ശേഷമായിരിക്കും ഗേറ്റ് തുറക്കുന്നത്. ഈ സമയം ആലുംമൂട് ജംഗ്ഷൻ മുതൽ വാഹനങ്ങൾ അര മണിക്കുറിലേറെ കുടുങ്ങി കിടക്കാറുണ്ട്. ഇതു മൂലം വിദ്യാർഥികൾക്ക് യഥാ സമയത്ത് സ്കൂളുകളിൽ എത്താൻ ആവാത്ത അവസ്ഥയുണ്ട്. രോഗികളുമായി വരുന്ന വാഹനങ്ങൾക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.
റെയിൽവേ ഗേറ്റ് തുറക്കുന്നതുവരെ കാത്തുകിടക്കേണ്ടി വരും. ഗേറ്റ് തുറക്കുമ്പോൾ വാഹനങ്ങൾ കൂട്ടത്തോടെ മറുവശം കടക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അപകടങ്ങളും ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഗേറ്റടയ്ക്കുന്നത് കണ്ടിട്ടും അലക്ഷ്യമായെത്തി കുടുങ്ങിയ ഒട്ടോറിക്ഷയുടെ ഡ്രൈവർക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം.