
മലപ്പുറം: ടാപ്പിങ് തൊഴിലാളിയെ കടുവ കടിച്ചു കൊന്ന റാവുത്തന്‍ കാടിന് സമീപം മേയാന്‍ വിട്ട ആടിനെ അജ്ഞാത ജീവി പിടിച്ച് കൊണ്ടുപോയി. പാറശ്ശേരി ഈശ്വരത്ത് ഫിറോസിന്റെ ആടുകളിൽ ഒന്നിനെയാണ് കാണാതായത്. തോട്ടത്തില്‍ മേയാന്‍ വിട്ട വലിയ ആടിനെയാണ് കാണാതായത്. ആടിനെ കടിച്ച് കൊണ്ടു പോവുന്ന ശബ്ദം കേട്ടതായി തൊട്ടടുത്ത വീട്ടുകാര്‍ പറഞ്ഞു. കടുവ തന്നെയാണ് ആടിനെ കൊണ്ടുപോയതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ മേയ് 15നാണ് ടാപ്പിങ് തൊഴിലാളി ഗഫൂര്‍ അലി കടുവ ആക്രമണ ത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് മുമ്പ് ഫിറോസിന്റെ മൂന്ന് ആടുകളെ കടുവ പിടിച്ച് കൊണ്ടു പോയിരുന്നു. അന്ന് എസ്റ്റേറ്റില്‍ വലിയ അടിക്കാടുണ്ടായതാണ് തോട്ടത്തില്‍ കടുവക്ക് ഒളിത്താവളമായത്.
അന്നുണ്ടായിരുന്ന കാട് ഇനിയും വെട്ടിമാറ്റിയിട്ടില്ല. ഇപ്പോള്‍ ആന വന്നു നിന്നാലും കാണാന്‍ കഴിയാത്ത തരത്തില്‍ അടിക്കാട് വളര്‍ന്നിട്ടുണ്ട്. തോട്ട ഉടമകള്‍ കാട് വെട്ടാന്‍ സന്നദ്ധമാകാത്തതാണ് ജനങ്ങള്‍ക്ക് ഭീഷണിയായിട്ടുള്ളത്. കാടുമൂടിയ തോട്ടങ്ങളില്‍നിന്ന് കാട് വെട്ടിമാറ്റിക്കാന്‍ പഞ്ചായത്ത് ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഒരിടവേളക്കുശേഷം റാവുത്തന്‍ കാട്ടില്‍ വീണ്ടും കടുവ സാന്നിധ്യമുണ്ടായത് ജനങ്ങളില്‍ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് തോട്ടത്തിലൂടെ ഓടുന്ന കടുവയെ ചിലര്‍ കണ്ടിരുന്നു. റബര്‍ തോട്ടത്തിലെത്തിയ കര്‍ഷകരാണ് പന്നിയെ ഓടിക്കുന്ന കടുവയെ കണ്ടത്.
അടക്കാകുണ്ട് എഴുപതേക്കര്‍ ഭാഗത്ത് പശുവിനെ കടിച്ച് കൊന്ന കടുവയെ കെണിയിലാക്കാനുള്ള വനം വകുപ്പ് ശ്രമം എങ്ങും എത്താതിരിക്കുന്നതിനിടയിലാണ് വിണ്ടും കടുവ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നത്. മേയ് 15ന് റാവുത്തന്‍കാട്ടില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചതിനെതുടര്‍ന്ന് കരുവാരകുണ്ട് പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ നിന്നായി ഒരു കടുവയെയും പുലിയെയും വനം വകുപ്പ് കെണി വെച്ച് പിടികൂടിയിരുന്നു. ഇതിനു ശേഷം രണ്ടുമാസം മുമ്പ് എഴുപതേക്കറിനടുത്ത് കടുവ പശുവിനെ പിടികൂടിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കെണി സ്ഥാപിച്ചു. കടുവക്കായി സ്ഥാപിച്ച കെണിയില്‍ ഇരയായി ആടിനെ വെച്ചിട്ടുണ്ട്. നിരീക്ഷിക്കാന്‍ കാമറ കളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, കടുവയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.