കോഴിക്കോട് ഇഖ്റ ആശുപത്രി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം വച്ച് കാത്തിരുന്നു, ബാഗിൽ പണം; യുവാവിന്റെ 2.5 ലക്ഷം കവര്‍ന്ന പ്രധാന പ്രതി പിടിയില്‍

Published : Nov 11, 2025, 01:42 PM IST
Money Robbery

Synopsis

കോഴിക്കോട് യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം രൂപ തട്ടിയ കേസിലെ പ്രധാന പ്രതി ഹര്‍ഷാദിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട പണം കൈമാറുന്നതിനിടെ മലാപ്പറമ്പിൽ വെച്ചായിരുന്നു ആക്രമണം.

കോഴിക്കോട്: യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിലായി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി വീട്ടില്‍ ഹര്‍ഷാദ് (പൂത്തിരി ഹര്‍ഷാദ്-30) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നസീറിനെയാണ് മലാപ്പറമ്പ് വച്ച് ഹര്‍ഷാദും സംഘവും ആക്രമിച്ച് പണം കവര്‍ന്നത്. മലാപ്പറമ്പിലെ ഇഖ്‌റ ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ചായിരുന്നു ആക്രമണം. നസീറിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്ത സംഘം 2.5 ലക്ഷം രൂപ അടങ്ങിയ ബാഗ് ബലമായി തട്ടിയെടുത്ത് കൊണ്ടുപോയി എന്നായിരുന്നു കേസ്.

ദുബൈയില്‍ ജോലി ചെയ്യുന്ന മുനീര്‍ മുസ്തഫ എന്നയാള്‍ ക്രിപ്‌റ്റോ കറന്‍സിക്കായി പേരാമ്പ്ര സ്വദേശിയായ അന്‍സിഫിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പകരം പണം തരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണവുമായി എത്തിയതായിരുന്നു മുനീര്‍ മുസ്തഫയുടെ സുഹൃത്തായ മുഹമ്മദ് നസീര്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളിലേക്കെത്തുകയായിരുന്നു. വെള്ളയില്‍ ഭാഗത്തുവെച്ചാണ് ഹര്‍ഷാദ് പിടിയിലായത്. ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ