
തൃശൂർ: മാളയിൽ തീപ്പിടുത്തം. മാളയിലെ ബിലീവേഴ്സ് ആശുപത്രിയുടെ പിന്നിലുള്ള പാടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി. ഏകദേശം 35 ഏക്കറോളം പാടം കത്തിനശിച്ചുവെന്നാണ് കരുതുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് പാടത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്. ബിലീവേഴ്സ് ആശുപത്രി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പാടമെന്നാണ് വിവരം. നാട്ടുകാരും തീയണക്കാനുള്ള ശ്രമത്തിൽ പങ്കാളികളായി. കൃഷിയിറക്കാതെ തരിശായി കിടന്ന പ്രദേശമാണിത്. കുറ്റിക്കാടുകളും പുൽച്ചെടികളുമായിരുന്നു ഇവിടെയുണ്ടായിരുന്നതിൽ അധികവും. കടുത്ത പകൽ ചൂടിൽ പുല്ലിന് തീപിടിച്ചതാകുമെന്നാണ് കരുതുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ വിവരമില്ല.
ഇതിന് പുറമെ തൃശ്ശൂരിൽ പുഴക്കൽ പാടത്തും ഇന്ന് വൈകീട്ടോടെ തീപിടിത്തം ഉണ്ടായി. നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് തീയണച്ചു.