
തൃശൂര്‍: വയോധികയെ ആക്രമിച്ച് സ്വര്‍ണവളകളും മറ്റ് ആഭരണങ്ങളും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയെ വാടാനപ്പള്ളി പൊലീസ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി പട്ടിലങ്ങാടി സ്വദേശി മേലെപുത്തന്‍വീട്ടില്‍ ഷാജി (49) യാണ് അറസ്റ്റിലായത്. പ്രതിയുടെ പക്കല്‍നിന്നും മോഷണം മുതല്‍ വിറ്റതിലൂടെ ലഭിച്ച 1,70,500 രൂപയും കണ്ടെടുത്തു. തളിക്കുളം തമ്പാന്‍കടവ് വലിയകത്ത് വീട്ടില്‍ ശങ്കരന്റെ ഭാര്യ മാധവി (78) യാണ് കവര്‍ച്ചയ്ക്കിരയായത്. മുമ്പ് മരം മുറിക്കുന്നതിനായി പരാതിക്കാരിയുടെ വീട്ടിലെത്തിയ പരിചയം മുതലെടുത്ത് പ്രതി കവര്‍ച്ച നടത്തുകയായിരുന്നു.
കഴിഞ്ഞ 19ന് രാവിലെ 10.30ഓടെ വീണ്ടും മാധവിയുടെ വീട്ടിലെത്തിയ പ്രതി, മരം മുറിക്കുന്നതിനിടെ പൈപ്പ് പൊട്ടിയിട്ടുണ്ടെന്നും അത് ശരിയാക്കാനാണ് വന്നതെന്നും പറഞ്ഞ് വൃദ്ധയോട് വീടിന്റെ പടിഞ്ഞാറുഭാഗത്തെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറന്നതോടെ വീടിനുള്ളില്‍ കടന്ന പ്രതി വയോധികയുടെ കഴുത്തില്‍ പിടിച്ച് ഞെരുക്കുകയും നെഞ്ചില്‍ ഇടിച്ച് അവശയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇടതുകൈയിലെ രണ്ട് സ്വര്‍ണവളകളും വലതുകൈയിലെ നാല് റോള്‍ഡ് ഗോള്‍ഡ് വളകളും രണ്ട് കമ്മലുകളും ഒരു മോതിരവും ഊരിയെടുത്ത് സ്ഥലം വിട്ടു.
അറസ്റ്റിലായ പ്രതിയെ കവര്‍ച്ച നടത്തിയ വീട്ടിലും സ്വര്‍ണം വില്‍പ്പന നടത്തിയ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷാജി വാടാനപ്പള്ളി, തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ സ്ത്രീയെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലും ഒരു മോഷണക്കേസിലും പ്രതിയാണ്. കൊടുങ്ങല്ലൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍. രതീഷ് കുമാര്‍ , വലപ്പാട് ഇന്‍സ്‌പെക്ടര്‍ പത്മരാജന്‍, എസ്.ഐ. ഉമേഷ്, വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അവിനാഷ്‌കുമാര്‍, ജി.എസ്.ഐ എം.കെ. അസീസ് , എ.എസ്.ഐ മിഥുന്‍ കൃഷ്ണ, സീനിയര്‍ സി.പി.ഒ നിബിന്‍, തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സി.പി.ഒ സൂരജ്, ശരത്, സി.പി.ഒ അവിനാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam