നരുവാമൂട്ടിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിലായി. നരുവാമൂട് സ്വദേശി ദീപു, സുഹൃത്ത് മഹേഷ് എന്നിവരാണ് പിടിയിലായത്. 45,000 രൂപയും 11 പവൻ സ്വർണാഭരണങ്ങളുമാണ് കവർന്നത്.
തിരുവനന്തപുരം: നരുവാമൂട്ടിൽ വീട് കുത്തിത്തുറന്ന് 45,000 രൂപയും 11 പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. നരുവാമൂട് ഒലിപ്പു നട ദീപ ഭവനിൽ ദീപു (23), ഇയാളുടെ സുഹൃത്ത് വലിയറത്തല വെള്ളൈറ്റിൽ വീട്ടിൽ മഹേഷ് (30) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11:30 മണിക്കായിരുന്നു സംഭവം. നടുക്കാട് മാടൻപാറ ഇലവിൻ വിളാകം സരസ്വതി വിലാസം കുമാറിൻ്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കിയാണ് പ്രതികൾ മോഷണത്തിനെത്തിയത്.
വീട്ടുടമയും ഭാര്യയും ജോലിക്ക് പോയ തക്കം നോക്കിയാണ് പ്രതികളെത്തിയത്. പണവും ആഭരണങ്ങളും ഉണ്ടെന്ന് അറിയാവുന്ന പ്രതികൾ വീട്ടുകാരെ നിരീക്ഷിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ജോലിക്ക് പോയവർ ഇടയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
സമീപവാസിയായ ദീപുവിനെ സംശയം തോന്നിയതോടെയാണ് മോഷണം തെളിഞ്ഞത്. മോഷണത്തിന് ശേഷം വർക്കല കാപ്പിൽ ഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് ദീപുവിനെ പുലർച്ചെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ സുഹൃത്തിനെയും പൊലീസ് പിടികൂടി. ദീപു വർക്കലയിൽ പോകുന്നതിന് മുമ്പ് ഊരൂട്ടമ്പലത്തെ പണമിടപാട് സ്ഥാപനത്തിൽ ഒരു മോതിരം പണയം വെച്ച് 38,000 രൂപയും കൈപ്പറ്റിയിരുന്നു. ഇയാളിൽ നിന്ന് പണവും സ്വർണവും നരുവാമൂട് പൊലീസ് കണ്ടെടുത്തു. ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിച്ചു.






