
പാലക്കാട്: വാളയാ൪ ചെക്ക് പോസ്റ്റിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച വിദേശ സിഗരറ്റ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ എരമല്ലൂ൪ സ്വദേശി നൗഫൽ നൗഷാദിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന അന്ത൪ സംസ്ഥാന യാത്രാ ബസിൽ നിന്നാണ് ഇയാൾ പിടിയിലായത്.
വിപണിയിൽ മൂന്നു ലക്ഷം രൂപ വില വരുന്ന സിഗരറ്റ് ശേഖരമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. ബസിൽ ഇയാൾ കൊണ്ടുവന്ന മൂന്ന് ട്രോളി ബാഗുകളിലായാണ് സിഗററ്റുകൾ കടത്തിയത്. മൂന്ന് ട്രോളി ബാഗുകളിലായി 1480 പാക്കറ്റുകളിൽ 15100 വിദേശ നി൪മിത സിഗരറ്റുകളാണ് ഇയാൾ കടത്തിയത്. എറണാകുളത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ വഴി സിഗരറ്റുകൾ വിറ്റഴിക്കലായിരുന്നു ലക്ഷ്യമെന്ന് പ്രതി എക്സൈസ് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനക്ക് ഹാജരാക്കും.