
ആലപ്പുഴ: ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. രാധ(75)യുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. അമ്മ രാധയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന സംശയത്തിൽ കസ്റ്റഡിയിലുള്ള മകൻ പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെ പൊലീസ് വിട്ടയയ്ക്കും. രാധയുടെ ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്നും മരണം വാർധക്യസഹജമായ അസുഖത്തെ തുടർന്നാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുരൂഹതയെ തുടർന്ന് ഇന്നലെയാണ് രാധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചെന്നും മറ്റാരെയുമറിയിക്കാതെ വീടിനു മുന്നിൽ കുഴിയെടുത്തു സംസ്കരിച്ചെന്നും ഗിരീഷ് നാട്ടുകാരോടു പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസെത്തിയത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്കെത്തിയത്. പൊലീസെത്തുമ്പോഴും ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നു. എന്നാൽ രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയതല്ലെന്നും ഗരീഷ് പൊലീസിനോട് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam