11 ദിവസമായി മകനെ കാണാനില്ല, അമ്മയുടെ പരാതി; ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു, അനിയനെ കൊന്ന ജേഷ്ഠൻ അകത്ത് !

Published : Sep 07, 2023, 12:59 AM ISTUpdated : Sep 07, 2023, 01:18 AM IST
11 ദിവസമായി മകനെ കാണാനില്ല, അമ്മയുടെ പരാതി; ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു, അനിയനെ കൊന്ന ജേഷ്ഠൻ അകത്ത് !

Synopsis

വീടിന് മുൻപിൽ ഉണ്ടായിരുന്ന കുഴി മൂടിയതിൽ അമ്മയ്‌ക്കുണ്ടായ സംശയവും സംഭവ ദിവസം സമീപവാസിയായ ബിജുവിനോട്  'താൻ ഒരാളെ ശരിപ്പെടുത്തിയിട്ടിട്ടുണ്ട്, എടുത്ത് കുഴിച്ചിട് ' എന്ന് ബിനു പറഞ്ഞതും കൊലപാതക സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടി.  ഇതോടെ തിരുവല്ലത്തെ പൊലീസുകാർ ബിനുവിനെ കയ്യോടെ പൊക്കി.

തിരുവനന്തപുരം: ഒരു ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്ത് ഇന്നലെ. സ്വന്തം അനിയനെ കൊലപ്പെടുത്തിയ ജേഷ്ടനെ പൊലീസ് പൊക്കിയ ദിവസം. അതും അമ്മയുടെ സംശയത്തിന് പിന്നാലെ.  തിരുവല്ലത്തിന് സമീപം വണ്ടിത്തടത്താണ് ക്രൂര കൊലപാതകം നടന്നത്. അനുജനെ മൂത്ത സഹോദരൻ കൊന്ന് കുഴിച്ചുമൂടി. പറയൻവിളാകത്ത് രാജിനെയാണ് സഹോദരൻ ബിനു അതിക്രൂരമായി കൊലപ്പെടുത്തി വീടിന് സമീപത്തെ വേസ്റ്റ് കുഴിയിൽ കുഴിച്ചിട്ടത്.

ഇരുവരും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ തലക്കടിയേറ്റാണ് രാജ് കൊല്ലപ്പെട്ടത്. 35കാരനായ രാജിനെ കഴിഞ്ഞ മാസം 26 മുതൽ കാണാനില്ലായിരുന്നു. അമ്മ ബേബി പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മകനെ തിരഞ്ഞ്  അമ്മ ബന്ധുവീടുകളിൽ പോയെങ്കിലും അവിടെയും കണ്ടെത്താനായില്ല. അങ്ങനെയാണ് ഇന്നലെ രാവിലെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ ബേബി എത്തുന്നത്. മകനെ കാണാനില്ലെന്നും കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി.

പിതാവ് അപ്പുക്കുട്ടൻ നാല് വർഷം മുൻപ് മരണ പ്പെട്ട  ശേഷംപറയൻവിളയിലെ  ഷിറ്റ്മേഞ്ഞ ചെറിയ വീട്ടിൽ ബിനുവും രാജും  അമ്മ ബേബിയും മാത്രമാണ് താമസിച്ചിരുന്നത്. രണ്ടു സഹോദരിമാർ വിവാഹം കഴിഞ്ഞ് ഭർതൃഗൃഹങ്ങളിലാണ് താമസം. വിവാഹിതനായ ബിനുവിന്  13 വർഷം മുൻപ് മാനസിക പ്രശ്നം  ഉണ്ടായതോടെ ഭാര്യ ഉപേക്ഷിച്ചു പോയി. ഇതിന് ശേഷം ഇയാൾ  പുറത്തേക്ക് ഇറങ്ങാറില്ല. വീടിന് ചുറ്റുമുള്ള വസ്തുവിൽ കുഴിയെടുക്കുകയും കല്ലുകൾ പെറുക്കിക്കൂട്ടിഇടുകയും ചെയ്യുന്നതാണ്  പതിവ്. 

കെട്ടിടനിർമ്മാണ തൊഴിലാളിയായ രാജ് മദ്യപിച്ചെത്തിയാൽ ബിനുവുമായി വാക്കേറ്റവും കൈയാങ്കളിയും പതിവായിരുന്നു. സംഘർഷം പതിവായതോടെ അമ്മ ബേബി തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. എങ്കിലും ബിനുവിനും രാജിനുമുള്ള ഭക്ഷണവുമായി അമ്മ ദിവസും വീട്ടിലേക്ക്  എത്തും. കഴി‍ഞ്ഞ മാസം 26നായിരുന്നു രാജിനെ അമ്മ അവസാന കാണുന്നത്. പിന്നീട് അമ്മ മകനെ കണ്ടില്ല. രാജ് എവിടെ എന്ന ചോദ്യത്തിന് പല കാരണങ്ങള്‍ പറഞ്ഞ് ബിനു ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് അമ്മ ബേബി തിരുവല്ലം പൊലീസിനെ സമീപിച്ചത്.

മൂത്ത മകൻ ബിനു, ഇളയവൻ രാജിനെ എന്തെങ്കിലും ചെയ്തതാണോയെന്ന് അമ്മ ബേബിക്ക് സംശയമുണ്ടായിരുന്നു. ഈ സംശയം അമ്മ പൊലീസുകാരോടും പറഞ്ഞു. വീടിന് മുൻപിൽ ഉണ്ടായിരുന്ന കുഴി മൂടിയതിൽ അമ്മയ്‌ക്കുണ്ടായ സംശയവും സംഭവ ദിവസം സമീപവാസിയായ ബിജുവിനോട്  'താൻ ഒരാളെ ശരിപ്പെടുത്തിയിട്ടിട്ടുണ്ട്, എടുത്ത് കുഴിച്ചിട് ' എന്ന് ബിനു പറഞ്ഞതും കൊലപാതക സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടി.  ഇതോടെ തിരുവല്ലത്തെ പൊലീസുകാർ ബിനുവിനെ കയ്യോടെ പൊക്കി.

പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ അധിക നേരം പിടിച്ചുനിൽക്കാൻ ബിനുവിനായില്ല. ഒടുവിൽ അനിയൻ രാജിനെ താൻ കൊന്നതാണെന്നും വീടിന് സമീപം കുഴിച്ച് മൂടിയെന്നും പൊലീസിനോട് തുറന്ന് സമ്മതിച്ചു. പിന്നാലെ ബിനുവുമായി പൊലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. എങ്ങനെയാണ് രാജ് കൊല്ലപ്പെട്ടതെന്ന് ബിനു പൊലീസിനോട് ആവർത്തിച്ചു. വീടിന് മുന്നിൽവെച്ച് ബിനുവും രാജും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. അത് കയ്യാങ്കളിയിലേക്കെത്തി.ഇതിനിടെ തലയിടിച്ച് വീണ് രാജ് കൊല്ലപ്പെട്ടുവെന്നാണ് ബിനുവിന്‍റെ മൊഴി. അനിയൻ മരിച്ചെന്നുറപ്പായതോടെ ചവർ ഇടുന്നതിനായി രണ്ട് വർഷം മുമ്പ് എടുത്ത കുഴിയിൽ മൃതദേഹം മൂടി.

അടിയേറ്റ് വീഴുന്നതിനിടെ നിലത്ത് കിടന്ന ഹോളോബ്രിക്സിൽ രാജിന്‍റെ തലയിടിച്ചാണ് മരണമെന്ന് പൊലീസ് കരുതുന്നു. അല്ലെങ്കിൽ ഹോളോബ്രിക്സ് കട്ട കൊണ്ട് ഇടിച്ച് കൊന്നതാകാമെന്നും പൊലീസ് സംശയിക്കുന്നു. ബിനുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത കിട്ടുമെന്നാണ് പ്രതീക്ഷ. വണ്ടിതടത്തുള്ള വീട്ടിൽ ബിനുവും സഹോദരൻ രാജും മാത്രമാണ് താമസിച്ചിരുന്നത്.  മാനസികരോഗത്തിന് ചികിത്സ തേടിയിട്ടുള്ള ബിനു ജോലിക്കൊന്നും പോകാതെ വീട്ടിൽ കഴിയുന്നതാണ് പതിവ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Read More :   കാര്‍ മറിഞ്ഞ് പാറക്കെട്ടിൽ തങ്ങി; ഉടുതുണി അഴിച്ച്‌ വടമാക്കി താഴെയിറങ്ങി, രക്ഷകരായി മലപ്പുറത്തെ വിനോദസഞ്ചാരികൾ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു
ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ