
ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആലപ്പുഴ പാലസ് വടശ്ശേരി മാപ്പിളപറമ്പിൽ വീട്ടിൽ ആന്റണി വർഗീസ് (ഉണ്ണി-33) ആണ് മരിച്ചത്. കല്ലെടുത്ത് എറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ആന്റണിയുടെ സുഹൃത്തായ ആലപ്പുഴ സക്കറിയ ബസാർ സ്വദേശി അഫ്സലിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ചുങ്കം പാലത്തിന് സമീപമുള്ള പഴയ ഓഡിറ്റോറിയത്തിന്റെ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് രാത്രികാലങ്ങളിൽ യുവാക്കളുടെ സംഘം പതിവായി ഒത്തുകൂടാറുണ്ട്. സംഭവദിവസം ആന്റണിയും അഫ്സലും ഇവിടെ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. ഇതിനിടെ ആന്റണി കല്ലെടുത്ത് അഫ്സലിന്റെ ദേഹത്തേക്ക് എറിഞ്ഞു. ഇതിൽ പ്രകോപിതനായ അഫ്സൽ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആന്റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു.
രാത്രിയായതിനാൽ പരിക്കേറ്റ ആന്റണി പരിസരത്തുനിന്ന് പോയില്ല. ശനിയാഴ്ച പുലർച്ചെ 6:10ന് വഴിയിലൂടെ എത്തിയവരുമായി ഇയാൾ സംസാരിച്ചതായി നാട്ടുകാർ പറയുന്നു. പിന്നീട് സമീപത്തെ മാടക്കട തുറക്കാനെത്തിയ ആളാണ് പറമ്പിൽ ഒരാൾ അവശനിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ഫയർ ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തുമ്പോൾ ആന്റണിക്ക് ജീവനുണ്ടായിരുന്നു. ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ആന്റണി വർഗീസ് വിവിധ അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam