
വാളയാർ: കണ്ണൂരിലെ മുസ്ലിം പളളിയിൽ നിന്ന് ഭിന്നശേഷിക്കാരന്‍റെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. മുണ്ടേരിമൊട്ട സ്വദേശി ഉമ്മറിനെ വാളയാറിൽ നിന്നാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. കർണാടക സ്വദേശിയായ ഇബ്രാഹിം ബാഗിൽ സൂക്ഷിച്ചിരുന്ന സക്കാത്ത് പണമായിരുന്നു പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ മാർച്ചിലെ നോമ്പുകാലത്താണ് സംഭവം നടന്നത്.
കർണാടക സ്വദേശിയായ ഇബ്രാഹിമിന് നോമ്പുകാലത്ത് സക്കാത്തായി കിട്ടിയ പണവുമായാണ് മുണ്ടേരി മൊട്ട സ്വദേശി ഉമ്മർ കടന്നു കളഞ്ഞത്. മാർച്ച് 28 നായിരുന്നു കണ്ണൂർ സിറ്റിയിലെ കംബസാറിലെ മസ്ജിദിൽ ഇബ്രാഹിം എത്തിയത്. അന്നേദിവസം പള്ളിയിൽ പ്രതി ഉമ്മറും ഉണ്ടായിരുന്നു. പള്ളിയിൽ കിടന്നുറങ്ങിയ ഇബ്രാഹിം രാവിലെ ഉണർന്നപ്പോൾ പണവും ഫോണും സൂക്ഷിച്ച ബാഗ് കാണാതായിരുന്നു.
ഒന്നേകാൽ ലക്ഷം രൂപയുമായി ഈ ബാഗുമായി ഉമ്മർ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ണൂർ ടൗൺ പൊലീസിന് കിട്ടിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ഭിന്നശേഷിക്കാരനായ ഇബ്രാഹിമിന്റെ പരാതിയിൽ കണ്ണൂർ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. എന്നാൽ മാസങ്ങളായി ഉമ്മറിന്റെ ഫോൺ സ്വിച്ച് ഓഫിലായിരുന്നു. ഒടുവിൽ വാളയാറിൽ നിന്ന് പ്രതി പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇയാൾ. ഉമ്മറിനെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam