Arrest : മുഖം മറയ്ക്കുന്ന തൊപ്പിയും ഗ്ലൌസുമണിഞ്ഞ് മോഷണം; പ്രതിയെ കുടുക്കി ചെരുപ്പിന്‍റെ അടയാളം

By Web TeamFirst Published Dec 6, 2021, 6:37 AM IST
Highlights

വീട് കുത്തിത്തുറക്കാൻ വേണ്ടി മാത്രമായി പ്രത്യേകം ആയുധങ്ങൾ ഇയാൾ നിർമ്മിച്ചിരുന്നു. വിരലടയാളം പതിയാതിരിക്കാൻ കൈയുറകളും തിരിച്ചറിയാതിരിക്കാൻ മുഖം മറക്കുന്ന തരത്തിലുള്ള തൊപ്പി  ധരിച്ച് ബൈക്കിലെത്തിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്

വിവിധ ജില്ലകളിലായി നടത്തിയ മോഷണങ്ങളില്‍ (Theft) പ്രതിയെ കുടുക്കിയത് (Arrest) ചെരുപ്പിന്‍റെ അടയാളം. വിരലടയാളം (Finger print) പതിയാതിരിക്കാനായി ഗ്ലൌസ് അടക്കമുള്ളവ ഉപയോഗിച്ച് അതിവിദഗ്ധമായി നടത്തിയ മോഷണങ്ങളാണ് ചെരുപ്പിന്‍റെ അടയാളത്തില്‍ തെളിഞ്ഞത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടിൽ സജുവാണ് പിടിയിലായത്. മൂന്നു ജില്ലകളിലായി ഇരുപതിലധികം മോഷണ കേസുകളിലെ പ്രതിയായ സജുവിനെ കട്ടപ്പന പൊലീസാണ് അറസ്റ്റു ചെയ്തത്.  

കഴിഞ്ഞ എട്ടു മാസത്തോളമായി കട്ടപ്പനക്കടുത്ത് വെള്ളിലാംകണ്ടത്ത് വാടകക്ക് താമസിച്ചാണ് മോഷണവും ഭവന ഭേദനവും നടത്തിയിരുന്നത്. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 കേസുകളും പെരുവന്താനത്ത് രണ്ടും മുരിക്കാശ്ശേരിയിൽ മൂന്നും കോട്ടയം ജില്ലയിലെ പൊൻകുന്നം സ്റ്റേഷൻ പരിധിയിൽ ഒരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത നാളിൽ മാത്രം ഇരുപതോളം ഭവനഭേദനവും മോഷണവുമാണ് സജു നടത്തിയത്. പകൽ സമയം വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന് ആൾത്താമസമില്ലാത്ത വീടുകൾ കണ്ടു വയ്ക്കും. തുടർന്ന് രാത്രിയിലെത്തിയാണ് മോഷണം നടത്തുകയെന്നതായിരുന്നു ഇയാളുടെ രീതി.

പണവും സ്വർണാഭരണങ്ങളുമാണ് മോഷ്ടിച്ചതിലധികവും. വീട് കുത്തിത്തുറക്കാൻ വേണ്ടി മാത്രമായി പ്രത്യേകം ആയുധങ്ങൾ ഇയാൾ നിർമ്മിച്ചിരുന്നു. വിരലടയാളം പതിയാതിരിക്കാൻ കൈയുറകളും തിരിച്ചറിയാതിരിക്കാൻ മുഖം മറക്കുന്ന തരത്തിലുള്ള തൊപ്പി  ധരിച്ച് ബൈക്കിലെത്തിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. പ്രധാന റോഡുകളോടു ചേർന്ന ഒറ്റപ്പെട്ട വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. അടുത്തടുത്ത് മോഷണം നടന്ന വീടുകളില്‍ കണ്ടെത്തിയ ഒരേ രീതിയിലുള്ള ചെരുപ്പ് അടയാളവും വീട് കുത്തിത്തുറക്കുന്ന രീതിയുമാണ് പ്രതി ഒരാളെന്ന് നിരീക്ഷണത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ഇയാൾ ധരിച്ചിരുന്ന ചെരിപ്പിൻറെ അടയാളം പിന്തുടർന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് സജുവിനെ പൊലീസ് പിടികൂടിയത്.

വിഗ്രഹമോഷണ മടക്കമുള്ള കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മാല പൊട്ടിക്കൽ കേസിൽ 2020 നവംബർ മാസത്തിൽ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി 2021 ജനുവരിയിൽ പുറത്തിറങ്ങിയ ശേഷമാണ് വെള്ളിലാംകണ്ടത്ത് തമാസമാക്കിയത്. മറ്റേതെങ്കിലും സ്ഥലങ്ങളിൽ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. 2013 ൽ തിരുവനന്തപുരം പൂവാറിൽ നിന്ന് വിഗ്രഹം മോഷ്ടിച്ച കേസിലും ടെക്നോപാർക്കിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പന്തളത്തുനിന്ന് കാർ മോഷ്ടിച്ച കേസിലും ഇയാൾ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

click me!