കൂട്ടുകാരന്റെ വീട്ടിലെത്തി, തടഞ്ഞ അമ്മയെ മുടിക്ക് കുത്തിപ്പിടിച്ച് പൊതിരെ തല്ലി; വധശ്രമത്തിന് കേസ്, അറസ്റ്റ്

Published : May 05, 2024, 09:46 PM IST
കൂട്ടുകാരന്റെ വീട്ടിലെത്തി, തടഞ്ഞ അമ്മയെ മുടിക്ക് കുത്തിപ്പിടിച്ച് പൊതിരെ തല്ലി; വധശ്രമത്തിന് കേസ്, അറസ്റ്റ്

Synopsis

സ്റ്റെല്ലയുടെ മുഖത്ത് കൈവീശി അടിച്ച പ്രതി ഇവരുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചും ആക്രമണം തുടര്‍ന്നു

കൊല്ലം: വടക്കേ മൈലക്കാട് സുഹൃത്തിന്റെ അമ്മയെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിലായി, അറസ്റ്റ് രേഖപ്പെടുത്തി.  വടക്കേ മൈലക്കാട് സ്വദേശി സോജൻ പീറ്ററിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ മദ്യപിക്കാൻ ക്ഷണിച്ചതിനെ എതിർത്തപ്പോഴായിരുന്നു മർദ്ദനം. മൈലക്കാട് സ്വദേശി സ്റ്റെല്ലയ്ക്കാണ് മര്‍ദ്ദനമേറ്റത്. സ്റ്റെല്ലയുടെ മകൻ റോണിയുടെ സുഹൃത്താണ് പ്രതി സോജൻ പീറ്റര്‍. ഇരുവരും പതിവായി ഒരുമിച്ച് മദ്യപിക്കുമായിരുന്നു. 

വ്യാഴാഴ്ച സോജൻ പീറ്റര്‍ മദ്യപിക്കാൻ തീരുമാനിച്ച് റോണിയെ കൂട്ടുവിളിക്കാൻ വേണ്ടി ഇവരുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ മകന്റെ മദ്യപാനത്തെ ശക്തമായി എതിര്‍ത്തിരുന്ന അമ്മ സ്റ്റെല്ല, സോജൻ പീറ്ററിനെ തടയുകയായിരുന്നു. റോണി മദ്യപിക്കാൻ വരുന്നില്ലെന്നും മേലാൽ ഈ ആവശ്യവും പറഞ്ഞ് വീട്ടിൽ വരരുതെന്നും സ്റ്റെല്ല സോജൻ പീറ്ററിനെ വിലക്കി. ഇവ‍ര്‍ തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായി. പ്രകോപിതനായ സോജൻ വീടിന്റെ സിറ്റ് ഔട്ടിൽ നിൽക്കുകയായിരുന്ന സ്റ്റെല്ലയെ ആക്രമിക്കുകയായിരുന്നു.

സ്റ്റെല്ലയുടെ മുഖത്ത് കൈവീശി അടിച്ച പ്രതി ഇവരുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചും ആക്രമണം തുടര്‍ന്നു. സ്റ്റെല്ലയുടെ കൈയ്യിലുണ്ടായിരുന്ന വടി പിടിച്ചുവാങ്ങാനും സോജൻ ശ്രമിച്ചു. സ്റ്റെല്ലയെ സോജൻ അസഭ്യം പറയുന്നതും മര്‍ദ്ദനമേറ്റ് സ്റ്റെല്ല നിലവിളിക്കുന്നതും കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇവരാണ് സോജന്റെ ആക്രമണത്തിൽ നിന്ന് സ്റ്റെല്ലയെ രക്ഷിച്ചത്. പിന്നാലെ ഇവിടെ നിന്നും മടങ്ങിയ സോജൻ പീറ്റര്‍ ഒളിവിൽ പോയി. മര്‍ദ്ദനത്തിൽ പരിക്കേറ്റ സ്റ്റെല്ല ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. കേസെടുത്ത പൊലീസ് തിരച്ചിലിനൊടുവിൽ സോജനെ ഇന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

PREV
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു
കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ