
അരൂർ: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങളിലെ മാലയിൽ നിന്ന് കണ്ണികൾ അടർത്തിയെടുത്ത് വിൽപ്പന നടത്തിയ കേസിൽ താല്ക്കാലിക ശാന്തിക്കാരൻ പിടിയിൽ. എഴുപുന്ന തെക്ക് വളപ്പനാടി നികർത്തിൽ വിഷ്ണു വിനെയാണ് (35) അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
എഴുപുന്ന കണ്ണന്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താല്ക്കാലിക ജീവനക്കാരനായിരുന്ന വിഷ്ണു, കഴിഞ്ഞ ഏപ്രിൽ 14 ന് വിഷുദിനത്തിലും മേയ് 15നും മാത്രമാണ് ക്ഷേത്രത്തിൽ ജോലി ചെയ്തത്. ഈ രണ്ടു ദിവസങ്ങളിലും 2 വിഗ്രഹങ്ങളിലായി ചാർത്തിയിരുന്ന സ്വർണമാലയിൽ നിന്ന് കണ്ണികൾ അടർത്തി മാറ്റി ബാക്കിയുള്ള ഭാഗം നൂലുകൊണ്ട് കെട്ടി യോജിപ്പിച്ച് വിഗ്രഹത്തിൽ തന്നെ ചാർത്തുകയായിരുന്നു.
തിരുവാഭരണങ്ങൾ തിരികെ ദേവസ്വം ഓഫീസിലേക്ക് നൽകിയപ്പോൾ ക്ഷേത്ര ഭാരവാഹികൾക്ക് സംശയം തോന്നുകയും അരൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
എരമല്ലൂർ, ചാവടി എന്നിവിടങ്ങളിലെ ജുവലറിയിൽ പ്രതി വില്പന നടത്തിയ സ്വർണം പൊലീസ് കണ്ടെടുത്തു. 11 വർഷം മുമ്പ് ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാല പൊട്ടിക്കൽ കേസിലെ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam