
കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാൽ 26ാം തിയതി വരെ സർവീസിൽ നിയന്ത്രണം. ട്രെയിന്റെ വാതിലുകളും പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഉയര വ്യത്യാസം അപകട സാധ്യത സൃഷ്ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യഘട്ടത്തിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് നിർമാണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എറണാകുളത്തിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26 വരെ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലാണ് പുനക്രമീകരണം. കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്പ്രസും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി.
രാവിലെ 6 മണിക്ക് എറണാകുളത്തിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി ഇനി 26 വരെ 6.22-ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.45-ന് പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ് ഈ കാലയളവിൽ കോട്ടയം വരെ മാത്രമാകും സർവീസ് നടത്തുക. എറണാകുളം-പാലക്കാട് മെമു (66610) എറണാകുളത്തിൽ നിന്ന് ഉച്ചയ്ക്ക് 2.45-ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ 26 വരെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. എറണാകുളം-ആലുവ ഇടയിൽ സർവീസ് ഉണ്ടാകില്ല. ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56317) 26 വരെ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറ വരെ മാത്രമാകും ഓടുക. എംജിആർ ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) 25 വരെ അരമണിക്കൂർ വൈകിയാണ് ഓടുക.
പ്ലാറ്റ്ഫോം 2ലെ പണികൾ പൂർത്തിയായതിന് ശേഷം 3, 4, 5 പ്ലാറ്റ്ഫോമുകളിലും ഉയരം കൂട്ടും. നാല് വർഷം മുൻപ് കനത്ത മഴയെ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറുന്ന പ്രശ്നം പരിഹരിക്കാൻ ട്രാക്കുകൾ ഉയർത്തിയിരുന്നു. ഇതോടെയാണ് പ്ലാറ്റ്ഫോമുകളുടെ ഉയരം കുറഞ്ഞത്. ഇതുമൂലം പ്രായമായവർക്കും സ്ത്രീകൾക്കും ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഉണ്ടായി. ഏകദേശം 2 കോടി രൂപ ചെലവിലാണ് നാല് പ്ലാറ്റ്ഫോമുകളുടെ ഉയരം 20 മുതൽ 50 സെന്റീമീറ്റർ വരെ ഉയർത്തുന്നത്. ഗ്രാനൈറ്റ് പാകുന്നതടക്കമുള്ള ജോലികൾ പിന്നീട് സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പൂർത്തിയാക്കും.
മാറ്റങ്ങളെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിക്കാതെ എത്തിയ യാത്രക്കാർക്ക് സർവീസ് മാറ്റം ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. കണ്ണൂർ ഇന്റർസിറ്റി ആലുവയിൽ നിന്ന് ആരംഭിച്ചതിനെ കുറിച്ച് പരാതികളും ഉയർന്നു. എന്നാൽ റിസർവേഷൻ ചെയ്ത യാത്രക്കാരെയും മാധ്യമങ്ങളെയും മുൻകൂട്ടി അറിയിച്ചതായാണ് റെയിൽവേയുടെ വിശദീകരണം. അതേസമയം, എറണാകുളം നോർത്ത് സ്റ്റേഷനിലെ പ്ലാറ്റ്ഫോം വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. ഒന്നാം പ്ലാറ്റ്ഫോമിന്റെ അറ്റത്ത് വീതി കുറവായതിനാൽ ട്രെയിനുകൾ എത്തുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്ലാറ്റ്ഫോം വീതി വർധിപ്പിക്കാൻ ഇഎസ്ഐ ആശുപത്രിയുടെ ഭൂമി ഏറ്റെടുക്കാൻ 12 കോടി രൂപ ചെലവിൽ ശുപാർശ നൽകിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം ഡിവിഷന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. പ്ലാറ്റ്ഫോമിന്റെ വീതി കുറവ് അപകട സാധ്യത വർധിപ്പിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. മൂന്നാം പ്ലാറ്റ്ഫോം നിർമാണത്തിനുള്ള ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam