
തിരുവനന്തപുരം: നഗരത്തിലെ പ്രധാന പാതകളിൽ മഴക്കാലത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരവുമായി വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്ന് കോര്‍പറേഷൻ മേയര്‍ വി വി രാജേഷ്. വഞ്ചിയൂർ-ജനറൽ ആശുപത്രി റോഡിലെ ഓടകളിലെ തടസങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ഇന്ന് രാവിലെ തുടക്കമായത്. കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് വകുപ്പ്, സ്മാർട്ട് സിറ്റി എന്നിവയുടെ കീഴിലുള്ള റോഡുകളിലെ ഓടകളാണ് കൃത്യമായി വൃത്തിയാക്കാത്തതിനെ തുടർന്ന് മണ്ണും മാലിന്യങ്ങളും നിറഞ്ഞ് മൂടിക്കിടന്നിരുന്നതെന്ന് വി വി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
റോഡരികിലെ വെള്ളം ഓടകളിലേക്ക് ഒഴുകിപ്പോകേണ്ട 'ഓപ്പണിംഗുകൾ' അടഞ്ഞുകിടക്കുന്നതിനാൽ ചെറിയ മഴയിൽ പോലും റോഡിൽ വലിയ രീതിയിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയായിരുന്നു. മറ്റ് വകുപ്പുകൾ നടപടിയെടുക്കുന്നത് കാത്തുനിൽക്കാതെ ശ്രീകണ്ഠേശ്വരം സർക്കിളിലെ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ നേരിട്ട് മണ്ണ് നീക്കം ചെയ്യാൻ ഇറങ്ങുകയായിരുന്നു.
ഓടകളിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് അരികിൽ തന്നെ വെച്ചാൽ അടുത്ത മഴയിൽ വീണ്ടും ഓടയിലേക്ക് ഒലിച്ചിറങ്ങാൻ സാധ്യതയുള്ളതിനാൽ, ഉടനടി വാഹനമെത്തിച്ച് ഈ മണ്ണ് നീക്കം ചെയ്യാനും നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം കണ്ണമ്മൂല വാർഡിൽ നടന്നതിന് സമാനമായി ഇന്നും ശുചീകരണ തൊഴിലാളികൾക്കൊപ്പം വി വി രാജേഷ് വഞ്ചിയൂർ വാർഡിലെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam