
അരൂർ: ആലപ്പുഴയിലെ അരൂർ പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ. പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടിയതോടെ അരൂർ പൊലീസ് കുറച്ചുസമയം വട്ടംകറങ്ങി. എം ഡി എം എ യുമായി പിടിയിലായ യുവാവാണ് അരൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി പൊലീസുകാരെ വട്ടംകറക്കിയത്. എന്നാൽ അര മണിക്കൂറിനുള്ളിൽ മൂർത്തിങ്കൽ നാഗയക്ഷി ക്ഷേത്രത്തിനു സമീപമുള്ള കുറ്റികാട്ടിൽ നിന്നും പൊലീസ് ഇയാളെ പിടികൂടി.
അരൂർ ചാലാറയാൽ യദുകൃഷ്ണൻ (27) ആണ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടിയത്. കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇയാൾ പിടിയിലായത്. എം ഡി എം എ യുമായാണ് ഇയാൾ പിടിയിലായിരുന്നത്. കേസിൽ രണ്ട് പ്രതികളുണ്ടായിരുന്നു. ഒരാൾ ഇപ്പോഴും ഒളിവിലാണ്.
98 ഗ്രാം എം ഡി എം എ യുമായാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളെ സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ ഫിക്സ് വന്നതിനെ തുടർന്ന് വിലങ്ങ് മാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി ഇറങ്ങിയോടിയത്. എക്സൈസ് ഓഫീസർമാർ സ്റ്റേഷനിലേക്ക് വരുന്നതുകണ്ട് ഭയന്നാണ് ഓടി രക്ഷപ്പെട്ടതെന്നാണ് പ്രതി പറയുന്നത്. വീണ്ടും പിടിയിലായ പ്രതിയെ എക്സൈസിന് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
അതേസമയം തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപ്പനക്കെത്തിച്ച എം ഡി എം എയുമായി രണ്ട് യുവാക്കളെ അന്തിക്കാട് പൊലീസ് പിടികൂടി എന്നതാണ്. 8.63 ഗ്രാം എം ഡി എം എ ഇവരിൽ നിന്ന് കണ്ടെടുത്തു. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശികളായ ശ്രീകാന്തിനെയും അനുലാലിനെയുമാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. 25 വയസാണ് ഇരുവർക്കും. രണ്ട് പേർ ലഹരി മരുന്നുമായി എത്തിയതായി ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്റയ്ക്ക് രഹസ്യ വിവരം കിട്ടുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് എം ഡി എം എയുമായി ഇവരെ പിടികൂടുന്നത്.