
ആലപ്പുഴ: കള്ള്ഷാപ്പ് മാനേജരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചു. രാമങ്കരി പുതുക്കരിമുറി വെട്ടത്ത്പറമ്പ് വീട്ടിൽ വിമൽ കുമാർ (37), രണ്ടാം പ്രതി മുട്ടാർ മിത്രക്കരിമുറി വാളൻപറമ്പ് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ശ്രീക്കുട്ടൻ( 27) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി എട്ട് വർഷവും ഒരു മാസവുമാണ് തടവുശിക്ഷ. ഇതിന് പുറമെ അറുപതിനായിരം രൂപ പിഴയും ഒടുക്കണം. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഖാ ലോറിയനാണ് ശിക്ഷ വിധിച്ചത്.
മിത്രക്കരി ടിഎസ് 44 സൗത്ത് കള്ള് ഷാപ്പിലെ മാനേജരായ രാമങ്കരി കോമരത്ത്ശ്ശേരി വീട്ടിൽ കുഞ്ഞുമോനെ(62)യാണ് പ്രതികൾ ആക്രമിച്ചത്. കള്ള് ഷാപ്പ് അടച്ച സമയത്ത് ഷാപ്പിലെത്തിയ വിമൽ കുമാറും ശ്രീക്കുട്ടനും കള്ള് ചോദിച്ചെങ്കിലും കുഞ്ഞുമോൻ ഷാപ്പടച്ചെന്ന് മറുപടി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ കള്ള് കുപ്പി അടിച്ച് പൊട്ടിച്ച് കുഞ്ഞുമോൻ്റെ വയറ്റിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞുമോൻ പിന്നീട് ആരോഗ്യനില വീണ്ടെടുത്തു. കേസിൽ പിടിയിലായ വിമൽകുമാർ മറ്റൊരു കേസിൽ റിമാൻ്റിൽ കഴിയുകയാണ്. ഇതിനിടെയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളെ ആലപ്പുഴ ജില്ലാ ജയിലിലേക്ക് അയച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam