
പാലക്കാട്: കഴിഞ്ഞ വർഷം ബസിൽ വച്ച് വാളയാർ പൊലീസ് 96.57 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ പ്രതിയായ നൈജീരിയൻ പൌരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ കോളജിൽ ഗവേഷണ വിദ്യാർത്ഥിയായ എബുക്ക പ്രോസ്പർ ഇഗ്ബോനുസ് (27) ആണ് പിടിയിലായത്. വാളയാർ പൊലീസ് ബെംഗളൂരുവിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നൈജീരിയൻ പൌരൻ അറസ്റ്റിലായതുമായി ബന്ധപ്പെട്ട കഥയിങ്ങനെ… കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കെത്തിയ സ്വകാര്യ ബസിൽ മെത്താഫിറ്റമിനുമായി രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പ്രതിഫലമായി 80,000 രൂപ പ്രതികൾ നൈജീരിയൻ സ്വദേശിയുടെ അക്കൌണ്ടിലേക്ക് കൈമാറിയിരുന്നെന്നും അന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസിൽ ഉൾപ്പെട്ട പ്രതികളുടെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ കുടുങ്ങിയത്. ജയന്ത് നഗറിലെ ഫ്ലാറ്റിൽ വച്ച് വാളയാർ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
മയക്കുമരുന്ന് ഇടപാടിൽ ഇയാൾക്ക് അന്തർ ദേശീയ തലത്തിൽ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2018 മുതൽ എബുക്ക പ്രോസ്പർ ഇഗ്ബോനുസി ബെംഗളൂരുവിലുണ്ട്. ഇക്കാലയാളവ് മുതൽ ഇന്ത്യയിലും ലഹരി ഇടപാടുകളുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം പാലക്കാട് എഎസ്പി ശ്രീ രാജേഷ് കുമാർ ഐപിഎസ്, ഇൻസ്‌പെക്ടർ രാജീവ്, എഎസ്പി നൗഷാദ്, എസ്സിപിഒ രാജ , എസ്സിപിഒ ജയപ്രകാശ്, എസ്സിപിഒ സെന്തിൽ , ഡിവിആർ ഷാമോൻ എന്നിവർ അടങ്ങുന്ന പൊലീസ് സംഘo ആണ് പ്രതിയെ പിടികൂടിയത്.