
ആലപ്പുഴ: കായംകുളത്ത് ലഹരിമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ ഇയാസിൻ അലി എന്നയാളാണ് ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കായംകുളം ചേരാവള്ളി ഭാഗത്ത് നടത്തിയ എക്സൈസ് പരിശോധനയിൽ ബ്രൗൺ ഷുഗറുമായി കുടുങ്ങിയത്. ഇയാളിൽ നിന്നും 7.22 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കൊണ്ട് വന്നു ചില്ലറ വിൽപ്പന നടത്താനായാണ് ബ്രൗൺ ഷുഗർ എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു.
കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ആർ.സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ.വി, ദീപു.ജി, രംജിത്ത്, നന്ദഗോപാൽ.ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതിനിടെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന വാഹന പരിശോധനകളിൽ മഞ്ചേശ്വരം ചെക്ക്പോസ്റ്റിൽ കർണ്ണാടക ആർടിസി ബസുകളിൽ കടത്താൻ ശ്രമിച്ച 151 പവനോളം സ്വർണ്ണവും 4 ലക്ഷം രൂപയുടെ കുഴൽ പണവും പിടികൂടി. 96 പവനോളം സ്വർണ്ണാഭരണങ്ങളുമായി മഹാരാഷ്ട്ര സ്വദേശി മുജാസർ ഹുസൈനിനെയും 55 പവനോളം സ്വർണ്ണാഭരണങ്ങളും 4 ലക്ഷം രൂപ കുഴൽ പണവുമായി കോഴിക്കോട് കക്കോടി സ്വദേശി മുഹമ്മദ് ഫാസിലിനെയും ആണ് എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ഷിജിൽ കുമാർ.കെ.കെ യുടെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികളെയും പണവും സ്വർണ്ണാഭരണങ്ങളും തുടർ നടപടികൾക്കായി ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി.