
ഇടുക്കി: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാന സർക്കാരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. മൂലമറ്റം പെറ്റാർക്കിനായി പണിയുന്ന നവീന കെട്ടിട സമുച്ചയത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിലേറുമ്പോൾ നൽകിയ വാഗ്ദാനങ്ങളായ സമ്പൂർണ്ണ വൈദ്യുതീകരണം, പവർ കട്ട്, ലോഡ് ഷെഡിംഗ് എന്നിവയുണ്ടാകില്ല തുടങ്ങിയവയിൽ പൂർണമായും നീതി പാലിക്കാനായി.
ഇക്കാലയളവിൽ സംസ്ഥാനത്തുണ്ടായ വിവിധ ദുരന്തങ്ങളെ അതിജീവിച്ചാണ് വാഗ്ദാനം പാലിക്കാനായത് വലിയ നേട്ടമാണ്. പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും വൈദ്യുതി വകുപ്പിൽ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്. ഇവയെ തരണം ചെയ്തും ജനങ്ങളോട് നൽകിയ വാഗ്ദാനം യാഥാർഥ്യമാക്കാനായി.
ഇതിന് പുറമേ വൈദ്യുതി വകുപ്പിന് കീഴിൽ ഒട്ടനവധി നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ദ്രുതഗതിയിൽ ഇവ പൂർത്തിയാക്കും. ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയത്തെക്കുറിച്ചുള്ള പഠനങ്ങൾ അതിവേഗം മുന്നോട്ട് പോവുകയാണ്. ഇത് യാഥാർഥ്യമാകുമ്പോൾ വൈദ്യുതി രംഗത്ത് വൻ കുതിച്ച് ചാട്ടമാകും ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൻറെ സമഗ്ര വികസനത്തിന് കൂടുതൽ ശക്തി പകർന്നുകൊണ്ട് സംസ്ഥാന സർക്കാർ വൈദ്യുതി മേഖലയുടെ ഉത്പാദന - പ്രസരണ - വിതരണ രംഗങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സൗര, ഫിലമെൻറ് രഹിത കേരളം, ട്രാൻസ് ഗ്രിഡ്, ദ്യുതി, ഇ-സേഫ്, ഇ-മൊബിലിറ്റി എന്നീ പദ്ധതികൾ അടങ്ങിയ ഊർജ്ജ കേരള മിഷനും, കെ-ഫോൺ, നിലവ് എന്നീ പദ്ധതികളും ആധുനിക കേരളത്തിൻ്റെ ഊർജ്ജ - ഇൻറർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഉപയുക്തമാണ്.
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സർക്കാരും കെഎസ്ഇബി ലിമിറ്റഡും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബോർഡിലെ ഉദ്യോഗസ്ഥന്മാരുടെ കർമ്മശേഷിയും പ്രവർത്തന നൈപുണ്യവും ഉയർത്തുന്നതിനായി പരിശീലനം നൽകുന്നതിനാണ് ഇലക്ട്രിസിറ്റി ബോർഡ് മൂലമറ്റത്ത് പെറ്റാർക്ക് സ്ഥാപിച്ചത്.
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക സ്ഥാപനമാണെന്ന പ്രത്യേകതയുമുണ്ടിതിന്. നിലവിൽ മൂലമറ്റത്തെ കെഎസ്ഇബി ആസ്ഥാനത്തിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കാലാനുസൃതമായ വികസനത്തിൻ്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതിയ കെട്ടിടസമുച്ചയം പണികഴിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam